lottery

തൃക്കാക്കര: സമ്മാനം വാങ്ങാനാളില്ലാത്ത ടിക്കറ്റുകളിലൂടെ സർക്കാറിന് 312.75 കോടിയുടെ 'ബമ്പർ'. സമ്മാനാർഹരായവർ ടിക്കറ്റ് ഹാജരാക്കാത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. 2011 ഏപ്രിൽ ഒന്ന് മുതൽ 2015 നവംബർ 25 വരെയുള്ള കാലയളവിലെ തുകയാണിത്. പുതിയ കണക്കുകൾ ലഭ്യമായിട്ടില്ല.അതുകൂടി ലഭിക്കുമ്പോൾ തുക ഇരട്ടിയിൽ അധികമാവുമെന്നാണ് സൂചന
പ്രത്യേക അക്കൗണ്ട് ഭാഗ്യക്കുറി വകുപ്പിന് ഇല്ലാത്തതിനാൽ തുക സർക്കാർ ഖജനാവിലേക്ക് വകയിരുത്തിയിരിക്കുകയാണെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ഭാഗ്യക്കുറി ഡയറക്ടർ മറുപടി നൽകി. ഭാഗ്യദേവത കനിഞ്ഞിട്ടും പണം കിട്ടാതെ മടങ്ങിയ 28 പേർ അന്യ സംസ്ഥാനക്കാരാണ്.


സമ്മാനാർഹമായ തുകയ്ക്ക് വേണ്ടി മഹാരാഷ്ട്ര, ഒഡീഷ, ഡൽഹി, മുംബൈ, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് പണം കിട്ടാതെ നിരാശരായി മടങ്ങിയത്.

എന്നാൽ, സംസ്ഥാനത്തിനകത്ത് ലോട്ടറി അടിച്ചവർക്ക് ടിക്കറ്റ് യഥാസമയം ഹാജരാക്കാത്തത് ഉൾപ്പെടെയുള്ള പല കാരണങ്ങളാലാണ് സമ്മാനത്തുക ലഭിക്കാതിരുന്നത്. 4കോടി 84 ലക്ഷത്തിൽപരം രൂപയാണ് അന്യസംസ്ഥാന ഭാഗ്യാന്വേഷികൾക്ക് നൽകാനുള്ളത്. നിയമ തടസം കാരണം സമ്മാനത്തുക വിതരണം നടത്താനായില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സമ്മാനാർഹരായവരെ കുറിച്ച് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാറിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഭാഗ്യക്കുറി വകുപ്പ് അധികൃതരുടെ വിശദീകരണം.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിന് സമ്മാനാർഹരായവർ എന്ത് പിഴച്ചെന്ന മറു ചോദ്യവും ഉയരുന്നുണ്ട്. അതിന് ഭാഗ്യക്കുറി വകുപ്പിന് വ്യക്തമായ മറുപടിയുമില്ല.

ഇതുവരെ ഭാഗ്യക്കുറി വകുപ്പ് വിതരണം നടത്തിയ ടിക്കറ്റുകളുടെ തുക പ്രത്യേക ഫണ്ടിൽ നിക്ഷേപിക്കാനോ, യഥാസമയം സമ്മാനത്തുക നൽകാൻ കഴിയാതെ വരികയോ ചെയ്യുന്നത് പലപ്പോഴും വകുപ്പിന്റെ വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്. കാരുണ്യ ചികിത്സയ്ക്ക് നൽകാൻ പണമില്ലെന്നു പറഞ്ഞ് ആശുപത്രികൾക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപ കുടിശ്ശികയുള്ളപ്പോഴാണ് ഭീമമായ തുക സർക്കാർ ഖജനാവിൽ വെറുതെ കിടക്കുന്നത്.