corra
കോറ ഭാരവാഹികൾ ആലുവയിൽ ഡി.വൈ.എഫ്.ഐ ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറുന്നു

ആലുവ: കടുത്ത പ്രതിഷേധത്തിനൊടുവിൽ നഗരസഭ ഓഫീസിൽ തുറന്ന ജനകീയ ഹോട്ടൽ ജനങ്ങൾ ഉപേക്ഷിച്ചു. അതേസമയം ഡി.വൈ.എഫ്.ഐ തുറന്ന സമൂഹ അടുക്കള ജനങ്ങൾക്ക് വലിയ ആശ്വാസമായി. നഗരസഭയുടെ ജനകീയ ഹോട്ടലിൽ ഊണിന് 20 രൂപ ഈടാക്കുമ്പോൾ ഡി.വൈ.എഫ്.ഐയുടെ സമൂഹ അടുക്കളയിൽ തികച്ചും സൗജന്യമായാണ് ഭക്ഷണം. സൗജന്യമായി ഭക്ഷണം നൽകുന്ന സമൂഹ അടുക്കളയിൽ ദിവസവും ബീഫും മീൻ കറിയുമെല്ലാം ഉണ്ട്. നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാർ വരെ ജനകീയ ഹോട്ടൽ ഉപേക്ഷിച്ച സ്ഥിതിയാണ്. അവരുടെ വാർഡുകളിലും ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്നത് ഡി. വൈ. എഫ്. ഐക്കാരാണ്. കഴിഞ്ഞ വർഷം ജനകീയ ഹോട്ടൽ തുറന്ന നിലയിൽ നടത്തിപ്പുകാരായ കുടുംബശ്രീക്ക് പണം നൽകാനുണ്ട്. അതിനാൽ ഇക്കുറി ഹോട്ടൽ നടത്തിപ്പ് തയ്യാറാല്ലെന്ന കുടുംബശ്രീ നിലപാട് നഗരസഭ അധികൃതർ കടുത്ത സമ്മദ്ദം നടത്തിയാണ് മാറ്റിയത്.

നഗരസഭ പ്രമോഷൻ വീഡിയോകൾ ഇറക്കി സമാധാനം കണ്ടെത്തുകയാണ്. നഗരസഭ സൗജന്യമായി ഭക്ഷണം നൽകുന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ പണം നൽകിയാൽ മാത്രമെ ഉൗണ് ലഭിക്കൂവെന്നതാണ് സത്യം.

പാർലമെന്ററി പാർട്ടി യോഗം ഇന്ന്

നഗരസഭക്കെതിരെ പാർട്ടി പ്രവർത്തകരിൽ നിന്നും ഉൾപ്പെടെ പ്രതിഷേധം കനത്തതോടെ ഇന്ന് രാവിലെ 11ന് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. തിരിച്ചടിയെ മറികടക്കാൻ ബദൽ നടപടിയെടുക്കാനാണ് നീക്കം.

ഡി.വൈ.എഫ്.ഐയുടെ അടുക്കള സൂപ്പർഹിറ്റ്

ഡി.വൈ.എഫ്.ഐയുടെ സമൂഹ അടുക്കളയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായപ്രവാഹമാണ്.കഴിഞ്ഞ ദിവസം കോറ ഭാരവാഹികൾ നൽകിയ ഭക്ഷ്യവസ്തുക്കൾ നഗരസഭ കൗൺസിലർമാരായ ശ്രീലത വിനോദ് കുമാർ, ടിന്റു രാജേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിലും സമൂഹ അടുക്കള തുറന്നിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ കവലകളിൽ ഭക്ഷണം ലഭിക്കാത്തവർക്ക് നേരിട്ടെത്തിക്കുകയാണ് സി.പി.ഐ പ്രവർത്തകർ.