navy
നാവികസേന സർക്കാർ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ 140 സർക്കാർ ആശുപത്രികളിൽ 101 ലെയും അഗ്‌നിസുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന നാവികസേന പൂർത്തിയാക്കി. ഈമാസം 30 നകം ശേഷിക്കുന്നവയും പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അഭ്യർത്ഥന മാനിച്ചാണ് ജില്ലാ, താലൂക്ക് ആശുപത്രികളുടെ പരിശോധന ആരംഭിച്ചത്. മുംബയിലുൾപ്പെടെ കൊവിഡ് ആശുപത്രികളിൽ തീപ്പിടുത്തമുണ്ടായി രോഗികൾ മരിച്ച സാഹചര്യത്തിലാണ് കേരളത്തിലെ ആശുപത്രികൾ പരിശോധിക്കാൻ തീരുമാനിച്ചത്. അഗ്‌നിരക്ഷാസേന കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ തിരക്കിലായത് പരിഗണിച്ചാണ് നാവികസേനയുടെ സഹായം തേടിയത്. ഈമാസം 17 നാരംഭിച്ച പരിശോധന 101 ആശുപത്രികളിൽ പൂർത്തിയാക്കി. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും കൊച്ചി നാവികത്താവളത്തിൽ നിന്നും മലബാർ ജില്ലകളിൽ ഏഴിമല നാവിക അക്കഡമിയിൽ നിന്നും പാലക്കാട് ജില്ലയിൽ കോയമ്പത്തൂരിൽ നിന്നുമുള്ള വിദഗ്ദ്ധസംഘമാണ് പരിശോധന നടത്തുന്നത്.