sweing

കോലഞ്ചേരി: തുന്നി ചേർക്കാനാകാതെ ദുരിതത്തിലായി തുന്നൽ തൊഴിലാളികളുടെ ജീവിതം. രണ്ട് കൊവിഡ് തരംഗങ്ങൾ തകർത്തത് ഇവരുടെ ജീവിത പ്രതീക്ഷകളാണ്. കഴിഞ്ഞ രണ്ടു സീസണുകളിലായി ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് കൊവിഡ്. വർഷത്തിലൊരിക്കൽ ലഭിക്കുന്ന സീസണാണ് ഒന്നും, രണ്ടും കൊവിഡ് തരംഗങ്ങൾ കവർന്നെടുത്തത്. മാർച്ച് മുതൽ ജൂൺ വരെയാണ് തയ്യൽക്കാർക്ക് തിരക്ക്. വിവാഹം, മ​റ്റാഘോഷങ്ങൾ, വിനോദ യാത്ര, സ്‌കൂൾ യൂണിഫോം എന്നിവയ്ക്കു വേണ്ടിയുള്ള വസ്ത്രങ്ങളുടെ തയ്യലിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഒ​റ്റയടിക്ക് നിലച്ചത്. സാമൂഹിക അകലം പാലിച്ചും, നിശ്ചിത ആളെ പങ്കെടുപ്പിച്ചും വിവാഹങ്ങൾ നടക്കുന്നതോടെ തയ്യലിനായി ആരുമെത്തുന്നില്ല. ഏപ്രിലിൽ തുടങ്ങുന്ന യൂണിഫോം തയ്യലുകളും നടന്നിട്ടില്ല. സ്‌കൂളുകൾ തുറക്കുമോ എന്നു പോലും നിശ്ചയമില്ലാത്തതിനാൽ ആരും യൂണിഫോം തയ്ക്കാനും തയ്യാറാകുന്നില്ല. ഒരു സ്‌കൂൾ വിദ്യാർത്ഥിക്ക് രണ്ടു കളർ യൂണിഫോമാണ് വേണ്ടത്. ഒരാൾ കുറഞ്ഞത് മൂന്ന് ജോഡി യൂണിഫോമെങ്കിലും തയ്ക്കാറുമുണ്ട്. ഇത്തരത്തിലെത്തുന്ന ജോലികൾക്കു വേണ്ട് മുൻ കൂട്ടി ലക്ഷങ്ങൾ മുടക്കിയവരുമുണ്ട്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് സ്ഥാപനം അടച്ചിട്ടതു വഴിയുണ്ടായ നഷ്ടങ്ങളും ചില്ലറയായിരുന്നില്ല. ഇലക്ട്രിക് , ഓട്ടോ മാ​റ്റിക് തയ്യൽ മെഷീനുകൾ മാസങ്ങളായി ഉപയോഗിക്കാതെ വന്നതോടെ കേടുപാടുകളുണ്ടായി. കൂടാതെ സ്​റ്റോക്കു ചെയ്ത് വച്ചിരുന്ന തുണിത്തരങ്ങൾ എലി കരണ്ടും, പാ​റ്റ നശിപ്പിച്ചതുമായ നഷ്ടം ഒരു വഴിയ്ക്ക്. അടച്ചിട്ട കാലത്തെ കറന്റു ചാർജിന്റെ ബില്ലു കിട്ടിയപ്പോഴുള്ള ഷോക്ക് മ​റ്റൊരു ഭാഗത്ത്. അത് ഒരു വിധം പരിഹരിച്ച് വരുമ്പോഴാണ് രണ്ടാം തരംഗം വീണ്ടുമെത്തിയത്.

 അതിഥിത്തൊഴിലാളികൾ നാടുവിട്ടു

അന്യ സംസ്ഥാനക്കാരായിരുന്നു ഈ മേഖലയിൽ കൂടുതലും.തുണി കട്ട് ചെയ്തു കൊടുത്താൽ സ്​റ്റിച്ചിംഗിന് പീസ് വർക്കായാണ് ഇവർ ജോലി ചെയ്തിരുന്നത്. കൊവിഡ് ഭീതിയിൽ ഇവർ നാടു വിട്ടതോടെ ഇനി സ്‌കൂൾ തുറക്കാൻ തീരുമാനിച്ചാലും പണി തീർത്തു കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണിവർക്ക് .