ആലൂവ: ഒരാഴ്ച്ചയോളമായി തകരാറിലായിരുന്ന കടുങ്ങല്ലൂർ പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തന സജ്ജമായി. ശ്മശാനത്തിന്റെ ഗ്യാസ് ചേംബറിനോട് അനുബന്ധിച്ചുള്ള ഇലക്ട്രിക് മോട്ടറിലെ തകരാറാണ് 16ാം വാർഡ് മെബർ കെ.എൻ. രാജീവിന്റെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. ദിവസങ്ങൾക്കു മുൻപ് മൃതദേഹം സംസ്കരിക്കുന്നതിനിടയിലാണ് ശ്മശാനം പണിമുടക്കിയത്. തകരാർ കണ്ടു പിടിക്കാനോ പരിഹരിക്കാനോ വിദഗ്‌ദ്ധരെ കിട്ടാത്തതിനെതുടർന്ന് പ്രവർത്തനം നിലച്ചു കിടക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ പഞ്ചായത്ത് നിവാസികൾ മരണാവശ്യത്തിനായി പാതാളത്തും യു.സി കോളജിലുമുള്ള ശ്മശാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

മെക്കാനിക്കിനെ എത്തിച്ച് ഗ്യാസ് ചേംബറിന്റെ ബ്ലോവരിൽ തകരാർ കണ്ടെത്തി. തകരാറിലായ മോട്ടോർ മാറ്റി പ്രശ്‌നം താത്കാലികമായി പരിഹരിച്ചെങ്കിലും അടിയന്തരമായി വാർഷിക അറ്റകുറ്റ പണി നടത്തിയില്ലെങ്കിൽ ഭാവിയിൽ കൂടുതൽ സങ്കീർണ്ണമായ തകരാറുകൾ ഉണ്ടാകും.