
ഭരണഘടനാദത്തമായ സംവരണമുള്ളതുകൊണ്ടു മാത്രമാണ് സംസ്ഥാന നിയമസഭയിലേക്കും ലോക്‌സഭയിലേക്കും പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുത്ത് അയയ്‌ക്കാൻ കഴിയുന്നത്. സംവരണമില്ലാത്തതിനാൽ രാജ്യസഭയിൽ ഇവർക്ക് ന്യായമായ പ്രാതിനിധ്യം ഒരിക്കലും ലഭിക്കാറില്ല. പ്രബുദ്ധ കേരളവും ഇതിനപവാദമല്ല. കെ.കെ.മാധവൻ, ടി.കെ.സി വടുതല, പി.കെ. കുഞ്ഞച്ചൻ, കെ. സോമപ്രസാദ് എന്നിങ്ങനെ വിരലിലെണ്ണാവുന്ന പട്ടികജാതിക്കാർ മാത്രമേ ഇക്കാലത്തിനിടെ കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തിയിട്ടുള്ളൂ. നിയമസഭയിലേക്കാണെങ്കിൽ സംവരണസീറ്റിൽ നിന്നല്ലാതെ ജനറൽ സീറ്റിൽ നിന്ന് പട്ടികജാതിക്കാർ മത്സരിച്ച സന്ദർഭങ്ങൾ അതിവിരളമാണ്. 1967 ൽ സി.പി.ഐ ചാലക്കുടി മണ്ഡലത്തിൽ ചാത്തൻ മാസ്റ്ററെ മത്സരിപ്പിച്ചു. പക്ഷേ, അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് 1980 ൽ കോൺഗ്രസിലെ ആന്റണി ഗ്രൂപ്പ് കണ്ണൂർ പാർലമെന്റ് സീറ്റിൽ കെ. കുഞ്ഞമ്പുവിനെ മത്സരിപ്പിച്ചു. സ്ഥലം കണ്ണൂരായതുകൊണ്ടും പ്രബലമായ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായതുകൊണ്ടും അന്ന് കുഞ്ഞമ്പു വിജയിച്ചു. വളരെക്കാലത്തിനുശേഷം 2006 ൽ തളിപ്പറമ്പ് മണ്ഡലത്തിൽ സി.കെ.പി പത്മനാഭൻ മത്സരിച്ച് വിജയിച്ചു. 2011 ൽ മുസ്ളിം ലീഗിന്റെ സ്ഥാനാർത്ഥിയായി യു.സി. രാമൻ കുന്നമംഗലം ജനറൽ സീറ്റിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇങ്ങനെ അത്യപൂർവമായി മാത്രമേ പട്ടികജാതിക്കാർ ജനറൽസീറ്റിൽ മത്സരിച്ചിട്ടുള്ളൂ. മത്സരിച്ചെങ്കിൽത്തന്നെ വിരളമായി മാത്രമേ വിജയിച്ചിട്ടുള്ളൂ. ഇതേ വിവേചനം പട്ടികജാതി വിഭാഗക്കാരായ മന്ത്രിമാരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചാത്തൻമാസ്റ്റർ മുതൽ എ.കെ. ബാലൻ വരെയുള്ള മിക്കവാറും എല്ലാ മന്ത്രിമാർക്കും അതത് കാലത്തെ മുഖ്യമന്ത്രിമാർ ദയാപുരസരം വച്ചുനീട്ടിയത് പട്ടികജാതി - പട്ടികവർഗ ക്ഷേമ വകുപ്പു മാത്രമാണ്. അതിനു പുറമേ ചെറുത് അല്ലെങ്കിൽ അപ്രധാനമായ ഏതെങ്കിലും വകുപ്പുകൂടി നൽകാറാണ് പതിവ്. ഡോ. എം.എ. കുട്ടപ്പൻ എം.ബി.ബി.എസ് പാസായ ആളാണെങ്കിലും എ.കെ. ആന്റണി അദ്ദേഹത്തിന് ആരോഗ്യവകുപ്പ് നൽകിയില്ല. അദ്ദേഹത്തിനും പട്ടികജാതി - പട്ടികവർഗക്ഷേമ വകുപ്പു തന്നെയാണ് ഭരിക്കാൻ നൽകിയത്. കൂട്ടത്തിൽ സ്പോർട്സ്, യുവജനക്ഷേമം എന്നിങ്ങനെയുള്ള നിസാര വകുപ്പുകളും വച്ചുനീട്ടി.
2006 ലെ മന്ത്രിസഭയിൽ എ.കെ. ബാലന് പട്ടികജാതി ക്ഷേമവകുപ്പിനു പുറമേ വൈദ്യുതി വകുപ്പു കൂടി നൽകി. 2016 ൽ അദ്ദേഹത്തിന് നിയമവും സാസ്കാരികവുമാണ് കൂടുതലായി ലഭിച്ചത്. കേരള ചരിത്രത്തിൽ ഇന്നുവരെ ഒരു പട്ടികജാതിക്കാരൻ ആഭ്യന്തരമന്ത്രിയോ വ്യവസായമന്ത്രിയോ ധനമന്ത്രിയോ എന്തിന് ആരോഗ്യമന്ത്രിയോ പോലുമായിട്ടില്ല. മുഖ്യമന്ത്രിയുടെ കാര്യം പറയാനുമില്ല. ഇടതു മുന്നണിയാകട്ടെ, ഐക്യമുന്നണിയാകട്ടെ, പട്ടികജാതിക്കാർക്ക് സംവരണ സീറ്റുകളല്ലാതെ മത്സരിക്കാൻ നൽകിയില്ല. ബി.ജെ.പി പേരിന് ഒന്നോ രണ്ടോ സീറ്റുകൾ നൽകിയെങ്കിലും അവ തീരെ ജയസാദ്ധ്യതയില്ലാത്ത മണ്ഡലങ്ങളായിരുന്നു. വിജയിച്ച പട്ടികജാതിക്കാരിൽ ബഹുഭൂരിപക്ഷവും ഇടതുപക്ഷക്കാരാണ്. പക്ഷേ, മന്ത്രി ഒരാൾ മാത്രം. കെ. രാധാകൃഷ്ണൻ, അദ്ദേഹത്തിന് പതിവു പോലെ പട്ടികജാതി - പട്ടികവർഗ ക്ഷേമവകുപ്പു തന്നെ നൽകി. രാധാകൃഷ്ണൻ 1996 - 2000 കാലയളവിൽ ഇതേവകുപ്പ് കൈയാളിയ ആളാണ്. അന്ന് അദ്ദേഹം നന്നേ ചെറുപ്പമാണ്. പാർട്ടിയിൽ ഇത്രവലിയ സ്ഥാനത്തൊന്നും എത്തിയിരുന്നില്ല. അന്ന് കേവലം തൃശൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്ന രാധാകൃഷ്ണൻ ഇന്നിപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും അംഗമാണ്. കുറച്ചുകാലം തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇൗ മന്ത്രിസഭയിൽ പിണറായി വിജയൻ കഴിഞ്ഞാൽ ഭരണപരിചയമുള്ള ഏക മാർക്‌സിസ്റ്റ് മന്ത്രിയാണ് രാധാകൃഷ്‌ണൻ. ഇത്രയൊക്കെയായിട്ടും അദ്ദേഹത്തിനു നൽകിയത് പഴയ വകുപ്പു തന്നെ. ആദ്യമായി മന്ത്രിസഭയിലെത്തുന്ന കെ.എൻ. ബാലഗോപാലിന് ധനകാര്യവും പി. രാജീവിന് വ്യവസായവും വി. ശിവൻകുട്ടിക്ക് വിദ്യാഭ്യാസവും മുഹമ്മദ് റിയാസിന് മരാമത്തിനു പുറമേ ടൂറിസവും നൽകി അനുഗ്രഹിച്ച മഹാമനസ്‌കനായ മുഖ്യമന്ത്രി പാവം രാധാകൃഷ്‌ണന് പട്ടികജാതി - പട്ടികവർഗക്ഷേമ വകുപ്പു തന്നെ നൽകി കൃതാർത്ഥനായി. പുറമേ അദ്ദേഹത്തിനു നൽകിയത് പാർലമെന്ററികാര്യം, ദേവസ്വം എന്നീ വകുപ്പുകളാണ്. ഇങ്ങനെയൊരു നടപടി പാർട്ടിക്കാർക്കിടയിൽ തന്നെ ചർച്ചാ വിഷയമാകുമെന്ന് തോന്നിയതു കൊണ്ടാവും ഒരുപറ്റം ബുദ്ധിജീവികൾ ഇതിനു മറ്റൊരു തലം നൽകി മഹത്വവത്കരിക്കാൻ ശ്രമം നടത്തിയത്. അതാണ് ഏറ്റവും കൗതുകകരമായ കാര്യം. അവരുടെ സിദ്ധാന്തപ്രകാരം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പട്ടികജാതിക്കാരനായ ഒരാൾ ദേവസ്വം വകുപ്പിന്റെ അമരക്കാരനാകുന്നത്. ഇത് സവർണാധിപത്യം തകർക്കുമെന്നും നവോത്ഥാന മൂല്യങ്ങളെ കൂടുതൽ പുഷ്കലമാക്കുമെന്നും ഇൗ വിഭാഗക്കാർ വ്യാഖ്യാനിക്കുകയാണ്. കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളത്രയും മൂന്ന് ദേവസ്വം ബോർഡുകൾക്ക് കീഴിലാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ. ഇതിനു പുറമേ കൂടൽ മാണിക്യം, ഗുരുവായൂർ മുതലായ മഹാക്ഷേത്രങ്ങൾക്ക് സ്വന്തം ഭരണസമിതികളുമുണ്ട്. അതത് ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം ദേവസ്വം ബോർഡുകൾക്കാണ് അധികാരവും നിയന്ത്രണവുമുള്ളത്. ദേവസ്വംമന്ത്രിക്ക് ഇക്കാര്യത്തിലൊന്നും പറയത്തക്ക യാതൊരു പങ്കും വഹിക്കാനില്ല. അതുകൊണ്ടു തന്നെ ഒരു പട്ടിക ജാതിക്കാരൻ ദേവസ്വം മന്ത്രിയായതുകൊണ്ട് ഇവിടെ പ്രത്യേകിച്ച് യാതൊരു നവോത്ഥാനവും നടക്കാനില്ല. ഇതിലുപരി ഇവരുടെ ചരിത്ര വ്യാഖ്യാനം തുലോം അബദ്ധവും അസംബന്ധ ജടിലവുമാണ്. കേരളത്തിൽ ഇതാദ്യമായല്ല പട്ടികജാതി വിഭാഗക്കാരനായ ഒരാൾ ദേവസ്വം വകുപ്പിന്റെ ചുമതലക്കാരനാവുന്നത്. 1971 മുതൽ 1977 വരെ സി. അച്യുതമേനോന്റെ മന്ത്രിസഭയിൽ ദേവസ്വം വകുപ്പ് കൈയാളിയിരുന്നത് പട്ടികജാതിക്കാരനായ വെള്ള ഇൗച്ചരനായിരുന്നു. 1977 ൽ നിലവിൽ വന്ന കെ. കരുണാകരന്റെ മന്ത്രിസഭയിലും അതേവർഷം തന്നെ രൂപീകൃതമായ എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും കെ.കെ. ബാലകൃഷ്‌ണനായിരുന്നു ദേവസ്വംമന്ത്രി. 1978 - 1979 ൽ പി.കെ. വാസുദേവൻ നായരുടെ മന്ത്രിസഭയിൽ ദാമോദരൻ കാളാശേരിയായിരുന്നു ദേവസ്വം വകുപ്പ് ഭരിച്ചത്. സത്യം പറഞ്ഞാൽ മാർക്‌സിസ്‌റ്റ് പാർട്ടിയിൽ നിന്ന് ദേവസ്വം മന്ത്രിയാകുന്ന ആദ്യത്തെ പട്ടികജാതിക്കാരൻ പോലുമല്ല കെ. രാധാകൃഷ്‌ണൻ. അത് എം.കെ. കൃഷ്‌ണനാണ്. 1980 -1981 കാലത്ത് ഇ.കെ. നായനാരുടെ ആദ്യത്തെ മന്ത്രിസഭയിൽ സഖാവ് എം.കെ. കൃഷ്‌ണനാണ് ദേവസ്വംവകുപ്പ് ഭരിച്ചത്. എക്സൈസ് വകുപ്പും അന്ന് അദ്ദേഹമാണ് കൈയാളിയത്. ഏറ്റവും കൗതുകകരമായ കാര്യം ഇതിനൊക്കെ വളരെ മുമ്പ് 1952 ൽ തന്നെ തിരു കൊച്ചി സംസ്ഥാനത്ത് പട്ടികജാതിക്കാരനായ കെ. കൊച്ചുകുട്ടൻ ദേവസ്വം വകുപ്പു മന്ത്രിയായിരുന്നു എന്നുള്ളതാണ്. എ.ജെ. ജോണിന്റെ മന്ത്രിസഭയിലാണ് അദ്ദേഹം ദേവസ്വം മന്ത്രിയായിരുന്നത്. 60 കൊല്ലം മുമ്പ് തിരു-കൊച്ചി സംസ്ഥാനത്ത് കെ. കൊച്ചുകുട്ടൻ ദേവസ്വം മന്ത്രിയായപ്പോൾ അതൊരു സാമൂഹ്യ വിപ്ളവമായിട്ടോ നവോത്ഥാനമായിട്ടോ പുരോഗതിയിലേക്കുള്ള വലിയൊരു ചുവടുവയ്‌പായിട്ടോ ആർക്കെങ്കിലും തോന്നിയോയെന്ന് അറിയില്ല. തോന്നാൻ ഇടയില്ല. കാരണം അതിൽ വിശേഷ വിധിയായി എന്തെങ്കിലുമുണ്ടെന്ന് അന്നത്തെ കാലത്ത് പോലും ആർക്കും അനുഭവപ്പെട്ടിരുന്നില്ല. 1981 ഡിസംബറിൽ കെ.കരുണാകരൻ തട്ടിക്കൂട്ടിയ കാസ്റ്റിംഗ് മന്ത്രിസഭയിൽ പട്ടികജാതിക്കാരായ ആരുമുണ്ടായിരുന്നില്ല. മന:പൂർവം ഒഴിവാക്കിയതല്ല. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരാളെ ഉൾപ്പെടുത്താൻ പറ്റാത്ത അവസ്ഥയായിരുന്നു. ചില പത്രപ്രവർത്തകർ ഇതു ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു : "പട്ടികജാതിക്കാരനായിട്ട് മുഖ്യമന്ത്രി തന്നെയാണുള്ളത്. കരുണാകരനായ ഞാൻ ഒരു പട്ടികജാതിക്കാരനായിട്ടാണ് സ്വയം കണക്കാക്കുന്നത്." 1982 മേയ് മാസത്തിൽ കെ. കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായി പൂർണതോതിലുള്ള ഒരു മന്ത്രിസഭ രൂപീകരിച്ചപ്പോൾ പട്ടികജാതി ക്ഷേമ വകുപ്പ് അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തത്. പട്ടികജാതിക്കാരനായ കെ.കെ. ബാലകൃഷ്‌ണന് അത്തവണ ഗതാഗതവകുപ്പാണ് കൊടുത്തത്. ബാലകൃഷ്‌ണൻ മാറിയപ്പോൾ പി.കെ. വേലായുധൻ മന്ത്രിയായി. വേലായുധന് അദ്ദേഹം ആദ്യഘട്ടത്തിൽ സാമൂഹ്യക്ഷേമവും പിന്നീട് ഗതാഗത വകുപ്പുമാണ് നൽകിയത്. 1982 മുതൽ 1987 വരെ അഞ്ചുവർഷവും മുഖ്യമന്ത്രി നേരിട്ടാണ് പട്ടികജാതിക്ഷേമ വകുപ്പ് കൈകാര്യം ചെയ്തത്. എന്നു മാത്രമല്ല, പട്ടികജാതിക്കാർക്ക് ഒട്ടേറെ ക്ഷേമപദ്ധതികൾ ആ സമയത്ത് അദ്ദേഹം നടപ്പാക്കുകയും ചെയ്തു. ഇപ്പോൾ പ്രധാന വകുപ്പുകളൊക്കെ സവർണ സമുദായക്കാർക്ക് വിഭജിച്ചു കൊടുത്ത് പട്ടികജാതി - പട്ടിക വർഗക്കാർക്കും പിന്നാക്ക സമുദായക്കാർക്കും തുലോം നിസാരവും അപ്രധാനവുമായ വകുപ്പുകൾ കൊടുത്തു കഴിയുമ്പോൾ അതിനു സൈദ്ധാന്തികമായ ന്യായീകരണം എന്ന രീതിയിൽ ദേവസ്വംവകുപ്പ് പൊക്കിപ്പിടിച്ചു കൊണ്ടു വരുന്നതിൽ യാതൊരർത്ഥവുമില്ല. ഇതൊക്കെ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള കപടതന്ത്രങ്ങൾ മാത്രമാണ്. പട്ടികജാതിക്കാർക്ക് വേണ്ടത് ഭരണത്തിൽ ന്യായമായ പങ്കാളിത്തമാണ്. ദേവസ്വം മന്ത്രിയായി ഒരു പട്ടികജാതിക്കാരൻ വരുന്നതുകൊണ്ട് ഇവിടുത്തെ ബഹുഭൂരിപക്ഷം പട്ടികജാതിക്കാർക്ക് യാതൊരു പുണ്യവും കിട്ടാനില്ല. നേരെ മറിച്ച് വ്യവസായം, ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം മുതലായ സുപ്രധാനമായ വകുപ്പുകളിലാണ് ഇവർക്ക് പരിഗണന ലഭിക്കേണ്ടത്. ഉത്തർപ്രദേശ് പോലെ വലിയ വിവേചനവും ജാതിസ്പർദ്ധയും നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് മായാവതിയെന്ന പട്ടികജാതിക്കാരി നാലുതവണ മുഖ്യമന്ത്രിയായി. നാലാംതവണ അവർ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും അഞ്ചുവർഷം തികച്ചു ഭരിക്കുകയും ചെയ്തു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ചു വർഷം തികച്ച മന്ത്രിസഭ മായാവതിയുടേതായി. കാരണം ഉത്തർപ്രദേശിൽ പട്ടികജാതിക്കാർ സംഘടിതരാണ്. അവർക്ക് സ്വന്തം വോട്ടുബാങ്കുണ്ട്. മറ്റു സമുദായക്കാരോട് വിലപേശി നിൽക്കാനുള്ള രാഷ്ട്രീയമായ ഇച്‌ഛാശക്തി അവർക്കുണ്ട്. പ്രബുദ്ധമായ കേരളത്തിൽ ചില പ്രത്യേക രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടുകുത്താനുള്ള ഉപകരണങ്ങൾ മാത്രമായി പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾ ചുരുങ്ങിപ്പോയിരിക്കുന്നു. അതുകൊണ്ടാണ് അവർക്ക് രാഷ്ട്രീയമായ ഇച്‌ഛാശക്തിയോ വിലപേശൽ ശക്തിയോ ഇല്ലാതെ പോകുന്നത്. കേവലം ദേവസ്വം വകുപ്പ് ഭരിക്കാൻ കിട്ടുന്നതു കൊണ്ട് അവസാനിക്കുന്ന പ്രശ്നങ്ങളല്ല കേരള രാഷ്ട്രീയത്തിൽ പട്ടികജാതിക്കാർക്കുള്ളത്.