കൊച്ചി: മരങ്ങളെ പുണർന്ന് രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിന്റെ വിത്തുപാകിയ സുന്ദർലാൽ ബഹുഗണയുടെ വിയോഗദിനത്തിൽ കൊച്ചി നഗരത്തിൽ തണൽവിരിച്ചുനിന്ന മരങ്ങൾക്ക് നേരെ അധികൃതരുടെ കടുംവെട്ട്. എറണാകുളം പാർക്ക് അവന്യു റോഡിൽ ലാ കോളേജിനു മുന്നിൽ പതിറ്റാണ്ടുകളായി തണലേകി നിന്ന അഞ്ച് മരങ്ങളാണ് അനുമതിയില്ലാതെ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) കണ്ടംതുണ്ടം വെട്ടിയിട്ടിയിട്ടത്. ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ മരംവെട്ട്. അനുമതിയില്ലാതെയുള്ള വെട്ടിയൊതുക്കൽ വിവാദമായതോടെ വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം ജോലികൾ താത്കാലികമായി നിർത്തിവയ്പിച്ചു. വനംവകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അപകടകരമായ മരങ്ങളുടെ ശിഖിരങ്ങൾ മാത്രമാണ് വെട്ടിയതെന്നാണ് സി.എസ്.എം.എല്ലിന്റെ വിശദീകരണം. ഇന്നലെ ഉച്ചയോടെയാണ് മരങ്ങൾക്കുമേൽ യന്ത്രവാൾ വീണത്. ശിഖരം വീണ് വൈദ്യതി പോയതോടെയാണ് അനധികൃത മരം മുറി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
വലഞ്ഞ് കെ.എസ്.ഇ.ബി
ജനറൽ ആശുപത്രി, കൊച്ചി കോർപ്പറേഷൻ, ഗസ്റ്റ്ഹൗസ്, കമ്മിഷണർ ഓഫീസ്... എറണാകുളം പാർക്ക് അവന്യു റോഡിലും സമീപത്തുമായി സ്ഥിതി ചെയ്യുന്നത് സുപ്രധാന കേന്ദ്രങ്ങളാണിവ. ഇവിടെ വൈദ്യുതി പോയാൽ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥർക്ക് നെഞ്ചിൽ തീയാണ്. സി.എസ്.എം.എല്ലിന്റെ മരം വെട്ടിൽ വൈദ്യുതി നിലച്ചത് രണ്ടര മണിക്കൂറോളം. പുന:സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരും നന്നേ വലഞ്ഞു.
ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മരങ്ങളുടെ ശിഖിരങ്ങൾ വെട്ടിയൊതുക്കിയത്. സി.എസ്.എം.എൽ മരങ്ങളൊന്നും വെട്ടിമാറ്റിയിട്ടില്ല''
സി.എസ്.എം.എൽ
11കെ.വി ലൈനടക്കം കടന്നു പോകുന്ന ഭാഗത്താണ് ഇന്നലെ അനുമതിയില്ലാതെ മരം മുറിച്ച് സി.എസ്.എം.എൽ വൈദ്യുതി ബന്ധം താറുമാറാക്കിയത്. വലിയ അപകടം തന്നെ ഉണ്ടായേക്കാമായിരുന്ന സംഭവമാണ് നടന്നത്. വിവരം അറിഞ്ഞിരുന്നെങ്കിൽ ആശുപത്രിയിലടക്കം വൈദ്യുതി മുടങ്ങാതിരിക്കാനുള്ള സംവിധാനം ഒരുക്കിയേനെ''
വി.ജേക്കബ് ലാസർ
സൂപ്രണ്ട്
കെ.എസ്.ഇ.ബി
എറണാകുളം
സോഷ്യൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെന്റ് മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ല. വിവരം അറിഞ്ഞതിനെ തുടർന്ന് ജോലികൾ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കും
ഡി.രാജേന്ദ്രൻ
അസി.സോഷ്യൽ ഫോറസ്റ്ര് ഓഫീസർ
എറണാകുളം
അനുമതി വേണം.
പൊതുയിടങ്ങളിലെ മരങ്ങൾ മുറിക്കുന്നതിന് സോഷ്യൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ അനുമതി വേണം. അതില്ലാതെ മരം മുറിച്ചാൽ പൊതുമുതൽ നശിപ്പിച്ചതിനടക്കം കേസെടുക്കാം.