ആലുവ: മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ചികിത്സക്ക് പണമില്ലാത്തത് ചൂണ്ടി കാണിച്ച് കോംഗോയിൽ ജോലി ചെയ്യുന്ന യുവാവിന്റെ ഭാര്യയും ബന്ധുക്കളും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി.
വയറിംഗ് തൊഴിലാളിയായിരുന്ന കുറുമശേരി ചൂപ്രത്ത് വീട്ടിൽ അനിൽകുമാറാർ(45) രണ്ട് മാസം മുമ്പാണ് ആഫ്രിക്കയിലെ കോംഗോയിലെത്തിയത്. മലയാളികളായ മൂന്ന് യുവാക്കൾ പുതുതായി ആരംഭിച്ച സംരംഭത്തിലെ ഏക ജീവനക്കാരനായിരുന്നു അനിൽ. ജോലി ആരംഭിച്ച് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് അനിലിന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായത്. ഇതേ തുടർന്ന് സ്ഥാപന ഉടമകൾ ചേർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാ ചെലവ് അനിൽകുമാറിന്റെ കുടുംബത്തിന് താങ്ങാനാകുന്നില്ല. ആലുവ ലക്ഷ്മി മെഡിക്കൽസിലെ ജീവനക്കാരിയാണ് ഭാര്യ യമുന. വായ്പയെടുത്തും ബന്ധുക്കളുടെ സഹായത്തോടെയും കുറച്ചുപണം അയച്ചു കൊടുത്തെങ്കിലും ഫലമുണ്ടായിട്ടില്ല. ഇനിയും മൂന്ന് ലക്ഷം രൂപ അടക്കാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്.ആരോഗ്യ സ്ഥിതി വീണ്ടെടുത്താലെ തിരികെ നാട്ടിലേക്ക് മടങ്ങാനാകു. അതുവരെ ചികിത്സക്ക് പണം വേണം. സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: 9847568093.