ഫോർട്ട് കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം കൊച്ചിയിൽ അവതാളത്തിൽ. മാസം തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പിന്നാക്ക വിഭാഗത്തിലുള്ള കുറച്ച് പേർക്ക് മാത്രമേ കിറ്റ് നൽകിയിട്ടുള്ളൂ. കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽ 114 റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ച് കെട്ടിയ വഴിയിൽ പൊലീസിന്റെ കൈയും കാലും പിടിച്ചാണ് കാർഡുടമകൾ റേഷൻകടയിൽ എത്തുന്നത്. അപ്പോഴാണ് കിറ്റുകൾ എത്തിയിട്ടില്ലെന്ന് അറിയുന്നത് . ഇത് റേഷൻ കടക്കാരും കാർഡുടമകളും തമ്മിൽ വാക്കേറ്റത്തിന് കാരണമാവുകയാണ്. മേയിലെ കിറ്റുകൾ ഇനി ജൂണിൽ മാത്രമേ പൂർണമായും നൽകാൻ കഴിയൂ എന്ന അവസ്ഥയാണ്. പാക്കിംഗിനായുള്ള തുണി സഞ്ചിയുടെ ക്ഷാമമാണ് കിറ്റുകൾ എത്താൻ വൈകുന്നതെന്നാണ് അധികാരികൾ പറയുന്നത്. അതേസമയം ആദ്യം പിന്നാക്ക വിഭാഗക്കാരുടെ കിറ്റുകളാണ് നൽകുന്നതെന്ന് ചുള്ളിക്കൽ സിവിൽ സപ്ലൈസ് ഗോഡൗൺ ജൂനിയർ മാനേജർ എൽബി വ്യക്തമാക്കി.