ഫോർട്ട് കൊച്ചി: കടൽക്ഷോഭം സ്ഥിരംദുരിതമായതോടെ, കടൽതീരങ്ങളിൽ അടിയുന്ന പ്ളാസ്റ്റിക്കുകളും കടൽമണലും ചേർത്ത് തീരത്ത് ജൈവ കടൽഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടലിലും കായലിലും നിക്ഷേപിക്കുന്ന പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ കടൽകയറ്റത്തിലൂടെയും കടൽക്ഷോഭത്തിലൂടെയും തീരത്ത് അടിഞ്ഞുകൂടുന്നത് സ്ഥിരം കാഴ്ചയാണ്. ഇവ നീക്കം ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യതയും അധികാരികൾക്ക് അമിത ജോലിഭാരവുമാണ് ഉണ്ടാക്കുന്നത്. ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച് 600 ഡിഗ്രി വരെ താപത്തിൽ ഉരുക്കി അതിനോടൊപ്പം നിശ്ചിത തോതിൽ കടൽമണൽ ചേർത്ത് ഇന്റർലോക്ക് കട്ട നിർമ്മിക്കും. തുടർന്ന് ഇത് തീരത്ത് നിരത്തി ഭിത്തി പാകി അതിൽ മണൽ നിറച്ച് പ്രാദേശിക കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നതാണ് ജൈവ കടൽഭിത്തി. അധിക സാമ്പത്തിക ബാദ്ധ്യതയില്ലാത്തതും പ്രാദേശിക ജനതയുടെയും സംഘടനകളുടെയും സഹകരണത്തോടെ ഇത് നടപ്പിലാക്കാൻ കഴിയുമെന്നാണ് സയൻസ് ഗ്രൂപ്പ് എന്ന കൂട്ടായ്മയുടെ കണ്ടെത്തൽ. ഇതോടെ കൊച്ചി തീരദേശ വാസികളും ജൈവ കടൽഭിത്തി ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കൊച്ചിക്കൊപ്പം ആലപ്പുഴ തീരദേശ വാസികളും ആശയം ചർച്ച ചെയ്ത് ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. പദ്ധതി വിജയിച്ചാൽ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന മറ്റു തീരദേശ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും. പദ്ധതി ആസൂത്രണം ചെയ്ത് സർക്കാരിനു മുന്നിൽ സമർപ്പിക്കാനൊരുങ്ങുകയാണ് ഈ കൂട്ടായ്മ.