കൊച്ചി: കൊവിഡാനന്തര അസുഖങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അപരാജിത ധൂപനം ഉൾപ്പടെയുള്ള ആയുർവേദ സാദ്ധ്യതകൾ വ്യാപകമായി ഉപയോഗപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ. അന്തരീക്ഷത്തിലെ ബാക്ടീരിയയുടെയും ബ്ലാക്ക് ഫംഗസിന് കാരണമായ മ്യൂക്കർ മൈസെറ്റ്‌സ് അടക്കമുള്ള ഫംഗസിന്റെയും മറ്റ് സൂക്ഷ്മാണുക്കളുടെയും സാന്നിദ്ധ്യത്തെ കുറയ്ക്കുന്നതിനാൽ എല്ലാ വീടുകളിലും കൊവിഡ് രോഗികളെ താമസിപ്പിച്ചിരിക്കുന്നിടങ്ങളിലും ദിവസവും ഉപയോഗപ്പെടുത്തുന്നത് കൂടുതൽ ഫലപ്രദമാകുന്നതാണെന്ന് അസോസിയേഷൻ പറഞ്ഞു. പകർച്ചവ്യാധികളിൽ ആയുർവേദ സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ എല്ലാ ജനങ്ങളും മുന്നിട്ടിറങ്ങേണ്ടത് അനിവാര്യമാണെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് പറഞ്ഞു.