കൊച്ചി: കൊവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനും മരുന്നുകൾ വിതരണം ചെയ്യുന്നതിനും അടിസ്ഥാന വൈദ്യസഹായം ലഭ്യമാക്കുന്നതിനുമായി പോർട്ടബിൾ ഓക്‌സിജൻ കാബിനുകളും പൾസ് ഓക്‌സിമീറ്ററും ഇൻഫ്രാറെഡ് തെർമോമീറ്ററും ഒരുക്കിയിട്ടുള്ള ഓട്ടോ ആംബുലൻസ് സംവിധാനം നഗരത്തിൽ ആരംഭിക്കുന്നു. കോർപ്പറേഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്ന് ഇൻഡോ ജർമൻ ഗ്രീൻ മൊബിലിറ്റി പാർട്ട്ണർഷിപ്പിന്റെ കീഴിൽ ജി .ഐ .ഇസഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 24 മണിക്കൂറും ലഭ്യമാകുന്ന രീതിയിലാണ് ഓട്ടോ ആംബുലൻസ് ഒരുക്കുന്നത്. കോർപ്പറേഷൻ എട്ടു സോണുകളിലായി തിരിച്ച് ആദ്യഘട്ടത്തിൽ എട്ടു ഓട്ടോ ആംബുലൻസുകളാണ് വിന്യസിക്കുക.
പരിശീലനം നൽകി
രോഗികളെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാകാര്യങ്ങൾ, വൈദ്യ സേവനം , മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വിധം തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് ഒരു വനിത ഉൾപ്പെടെ 18 ഡ്രൈവർമാർക്കും ഇന്നലെ എറണാകുളം ടൗൺ ഹാളിൽ പരിശീലനം നൽകി. സുരക്ഷാ കിറ്റുകളും പോർട്ടബിൾ ഓക്‌സിജൻ ക്യാബിൻ, പൾസ് ഓക്‌സിമീറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ എന്നിവ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ആർ. റെനീഷ്, വി. എ. ശ്രീജിത്ത് എന്നിവർ ഇവർക്ക് കൈമാറി. ഡോ. വിനീത, പ്രവീൺ സി.എസ്, അമൃത വിജയ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ഓട്ടോറിക്ഷ സൊസൈറ്റി പ്രസിഡന്റ് ഭദ്രൻ, സെക്രട്ടറി കെ. ഇബ്രാഹിംകുട്ടി, ആർ .ടി. ഒ ഷാജി മാധവൻ, സിഹെഡ് ഡയറക്ടർ ഡോ. രാജൻ ചേടമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.