കൊച്ചി: ദുബായിൽ നഴ്‌സ് ജോലി വാഗ്ദാനംചെയ്ത് രണ്ടരമുതൽ മൂന്നുലക്ഷം രൂപ വരെ തട്ടിയെടുത്ത് 500 ലേറെപ്പേരെ വഞ്ചിച്ചെന്ന പരാതിയിൽ റിക്രൂട്ടിംഗ് ഏജൻസിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്ഥിരംജോലി വാഗ്ദാനംചെയ്ത് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തി രണ്ടുമാസം കഴിഞ്ഞും ജോലിലഭിക്കാത്ത നഴ്‌സുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
കൊവിഡ് വാക്‌സിൻ നൽകുന്ന ജോലിയെന്ന പേരിൽ നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി എറണാകുളം കലൂർ ആസാദ് റോഡിൽ ഫിറോസ്ഖാൻ നടത്തുന്ന ടേക്ക് ഒാഫ് എന്ന സ്ഥാപനമാണ് നഴ്‌സുമാരെ മാർച്ച് പകുതിയോടെ ദുബായിലെത്തിച്ചത്. എല്ലാവർക്കും മൂന്നുമാസത്തെ വിസിറ്റിംഗ് വിസയാണ് നൽകിയത്. ജോലിയോ താമസിക്കാൻ ഭേദപ്പെട്ട സംവിധാനങ്ങളോ നൽകാതെ ദുബായിൽ ദുരിതജീവിതം നേരിടുകയാണെന്ന് കാട്ടിയാണ് നഴ്‌സുമാർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി ഇ മെയിൽ ചെയ്തത്.
സർക്കാർ ജോലിയെന്ന് വാഗ്ദാനം ചെയ്താണ് കോടികൾ തട്ടിച്ചത്. ദുബായിൽ ഡോർമിറ്ററികളിലാണ് താമസിപ്പിച്ചിരിക്കുന്നത്. സുരക്ഷയില്ലാത്ത ഒരുമുറിയിൽ 13 മുതൽ 15 പേർ വീതമുണ്ട്.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 500 ലേറെ നഴ്‌സുമാരെ പല മുറികളിൽ താമസിപ്പിച്ചിട്ടുണ്ട്. നാട്ടിലെ ജോലി ഉപേക്ഷിച്ചവരാണ് ബഹുഭൂരിഭാഗവും. ഒരാഴ്ചയ്ക്കുള്ളിൽ ജോലി, ഒന്നരലക്ഷം പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ. വാക്‌സിൻ ഡ്യൂട്ടി കഴിഞ്ഞെന്നാണ് ഏജൻസിയുടെ ദുബായിലെ പ്രതിനിധികൾ പറയുന്നത്. ഹോം നഴ്‌സ്, കെയർ ടേക്കൽ തുടങ്ങിയ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയാണ്. തിരിച്ചുപോകാൻ കഴിയാത്ത നിരവധിപേർ ഇത്തരം ജോലികളിൽ പ്രവേശിച്ചു. മറ്റുള്ളവരോട് മടങ്ങാനാണ് നിർദേശം. നൽകിയ പണം തിരികെ നൽകില്ലെന്നും അറിയിച്ചു. തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുകയാണ്.
ഫിറോസ് ഖാന്റെ ഏജന്റായ സത്താർ, സയ്ദ്, ജോഷി തോമസ്, ചാൾസ് എന്നിവരാണ് ദുബായിൽ തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. മുമ്പും മറ്റുപേരുകളിൽ സ്ഥാപനം തുറന്ന് ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.