പറവൂർ: കൊവിഡ് ബാധിച്ച മാതാപിതാക്കളെ വീടിന്റെ വരാന്തയിൽ കിടത്തിയ സംഭവത്തിൽ മകനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു. ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറത്താണ് സംഭവം. 80 വയസുള്ള അച്ഛനെയും 73 വയസുള്ള അമ്മയെയുമാണ് മകൻ വരാന്തയിൽ കിടത്തിയത്. വീട്ടിലുള്ള ഏഴംഗങ്ങളും കൊവിഡ് ബാധിതരായി രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.

ക്വാറന്റൈൻ പരിശോധനയുടെ ഭാഗമായി വടക്കേക്കര സബ് ഇൻസെപ്ക്ടർ കെ. ദിലീപ്കുമാർ, ഉദ്യോഗസ്ഥരായ പി.പി. സ്വപ്ന, പി.പി. ജിബിൻ എന്നിവർ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും പുറത്തുകിടക്കുന്നത് കണ്ടത്. പുറത്തുനിന്നും നോക്കിയാൽ കാണാൻ കഴിയാത്തവിധം സാരികൊണ്ട് വരാന്തമറച്ചിരുന്നതിനാൽ ഇത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പൊലീസ് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ട് അവശനിലയിലായിരുന്ന അച്ഛനെ പറവൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കാൻസർ രോഗിയായ അമ്മയെ മറ്റ് അവശതകളൊന്നുമില്ലാത്തതിനാൽ പൊലീസ് വീടിനുള്ളിലേക്ക് മാറ്റി. ഇവരുടെ മകനും ഭാര്യയും രണ്ടു മക്കളും ഭാര്യയുടെ മാതാവും ഈ വീട്ടിലാണ് താമസം. ആദ്യം രോഗം ബാധിച്ചത് മകനാണ്. പിന്നീട് വീട്ടിലെ എല്ലാവർക്കും രോഗം പിടിപ്പെട്ടു. രണ്ടാഴ്ചയിലധികമായി അച്ഛനും അമ്മക്കും രോഗം ബാധിച്ചിട്ട്. പോസ്റ്റീവായതിനുശേഷം വീട്ടിലെ ആരും രണ്ടാമത് പരിശോധന നടത്തിയിട്ടില്ല. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഇവർക്ക് ആവശ്യമായ ഭക്ഷണം എല്ലാദിവസവും എത്തിച്ചിരുന്നു. എന്നാൽ മാതാപിതാക്കൾ പുറത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയുന്നു.