lock

കൊച്ചി: ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ച പശ്ചാത്തലത്തിൽ ഇന്നുരാവിലെ 6 മുതൽ പൊതു ലോക്ക്ഡൗൺ പ്രകാരമുള്ള ഇളവുകൾ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി.

ഇളവുകൾ

ആശുപത്രി, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ സേവനങ്ങൾ, ഇതുമായി ബന്ധപ്പെട്ടവർക്ക് യാത്രചെയ്യാനുള്ള ഗതാഗത സംവിധാനം അനുവദിക്കും.

പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, ബേക്കറികൾ, പാൽ ഉല്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. പരമാവധി ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കും. അത്യാവശ്യമല്ലാത്ത കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. ഹോർട്ടികൾച്ചറൽ, ഫിഷറീസ്, പ്ലന്റേഷൻ, മൃഗസംരക്ഷണ മേഖലകൾക്ക് പ്രവർത്തിക്കാം. നശിക്കുന്ന കാർഷികോല്പന്നങ്ങളുടെ സംഭരണവും വിപണനവും അനുവദിക്കും. വാണിജ്യ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടും.
മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയവയുടെ ഉല്പാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. റസ്റ്ററന്റുകൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ പാഴ്‌സൽ വിതരണത്തിനായി മാത്രം പ്രവർത്തിക്കാം

ഇൻഷൂറൻസ് സ്ഥാപനങ്ങൾ, ഫിനാൻഷ്യൽ സർവീസുകൾ, കാപിറ്റൽ ആൻഡ് ഡെബിറ്റ് മാർക്കറ്റ് സർവീസുകൾ, കോർപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികൾ എന്നിവക്ക് തിങ്കൾ, ബുധൻ, വെള്ളി തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം.

ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വച്ച് ഇത് നടപ്പാക്കണം. പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളിൽ അനുവദിക്കും.

ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാർക്ക് യാത്ര അനുവദിക്കും. ഇവർ തെളിവിനായി ആശുപത്രി രേഖകൾ കൈവശം സൂക്ഷിക്കണം. കോടതി ജീവനക്കാരായ ക്ലർക്കുമാർക്കും അഭിഭാഷകർക്കും യാത്ര ചെയ്യാം. അവശ്യസാധനങ്ങൾ, കയറ്റുമതി ഉല്പന്നങ്ങൾ, മെഡിക്കൽ ഉല്പന്നങ്ങൾ എന്നിവയുടെ പാക്കിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും യാത്ര ചെയ്യാം.