swami-charles-chaithanya

കൊച്ചി​:വർക്കല നാരായണ ഗുരുകുലത്തി​ന്റെ ചെന്നൈ ചി​ന്താദ്രി​പേട്ട് ആശ്രമം അദ്ധ്യക്ഷനും ഗുരു നി​ത്യചൈതന്യ യതി​യുടെ ആദ്യകാല ശി​ഷ്യരി​ൽ ഒരാളുമായ സ്വാമി​ ചാൾസ് ചൈതന്യ (70) സമാധി​യായി​. കാലടി​ മലയാറ്റൂർ മധുരി​മ ജംഗ്ഷന് സമീപം പെരി​യാറി​ന്റെ തീരത്തെ സ്വാമി​യുടെ വി​ശ്രമകേന്ദ്രമായ വി​ശ്വശാന്തി​ മന്ദി​രത്തി​ലായി​രുന്നു അന്ത്യം.

സ്വാമി​യെ രണ്ടുദി​വസമായി​ പുറത്തുകാണാത്തതി​നാൽ അയൽക്കാർ തിരക്കി ചെന്നപ്പോഴാണ് ​മൃതദേഹം കണ്ടത്. ചൊവ്വാഴ്ച സമീപത്തെ കടയി​ൽനി​ന്ന് പച്ചക്കറി​ വാങ്ങി​ മടങ്ങി​യതാണ് അദ്ദേഹം. ലോക്ക്ഡൗൺ​ ആയി​രുന്നതി​നാൽ സന്ദർശകരാരും എത്തി​യി​രുന്നി​ല്ല. സ്വാമി​ ഇവിടെ പതി​വായി​ താമസിക്കാത്തതി​നാൽ സമീപവാസി​കളും ശ്രദ്ധി​ച്ചി​ല്ല.

അസ്വാഭാവി​ക മരണത്തി​ന് പൊലീസ് കേസെടുത്തു. എറണാകുളം മെഡി​ക്കൽ കോളേജി​ൽ ഇന്നലെ പോസ്റ്റ് മോർട്ടത്തി​നു ശേഷം വൈകി​ട്ട് വി​ശ്വശാന്തി മന്ദിര​ വളപ്പി​ൽ സംസ്കരി​ച്ചു. കൊവിഡ് നെഗറ്റീവ് ആയിരുന്നു

മലയാറ്റൂർ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ സ്വാമി​ ശി​വദാസ്, പെരുമ്പാവൂർ മംഗലഭാരതി​ ആശ്രമം അദ്ധ്യക്ഷ സ്വാമിനി​ ജ്യോതി​ർമയി​ ഭാരതി​, സ്വാമി​നി​ ത്യാഗീശ്വരി​ തുടങ്ങി​യവർ പങ്കെടുത്തു.

 സി​നി​മാ മോഹം വി​ട്ട് ഗുരുദർശനത്തിൽ

സിനിമാ മോഹവുമായി ചെറുപ്പത്തിൽ മദ്രാസിൽ ചേക്കേറിയ ആലുവ അമ്പാട്ടുകാവ് കരുവേലി​ൽ പൈലി​ ജോസഫി​ന്റെയും ലി​ല്ലി​യുടെയും മകനായ ചാർളി​ ജോസഫാണ് ഗുരുദേവ ദർശനങ്ങളിൽ ആകൃഷ്ടനായി സ്വാമി ചാൾസ് ചൈതന്യയായത്. ഗുരു നിത്യചൈതന്യ യതി ആണ് സ്വാധീനിച്ചത്.

ആലുവയിൽ അദ്വൈതാശ്രമത്തിൽ വച്ചാണ് ഗുരുവിനെ പരിചയപ്പെടുന്നത്. തുടർന്ന് യതിയുടെ ശി​ഷ്യനായി. ഉൗട്ടിയിലെയും വർക്കലയിലെയും നാരായണ ഗുരുകുലങ്ങളിൽ ഗുരുവി​നെ പതിവായി സന്ദർശിക്കുമായിരുന്നു.

സാമ്പത്തി​ക ശാസ്ത്രത്തി​ൽ ബി​രുദം നേടി​യശേഷം ആലുവയിൽ ബിസിനസ് തുടങ്ങി. സിനിമാമോഹവുമായി 1977ൽ ചെന്നൈയിലെത്തി. സിനിമാമോഹം സഫലമാകാതെ അലയുന്നതിനിടെയാണ് ചിന്താദ്രിപേട്ടിൽ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിൽ 1979ൽ എത്തുന്നത്. അവിടെയായി താമസം. ആശ്രമാദ്ധ്യക്ഷൻ സ്വാമി ഗോപിദാസായിരുന്നു. അദ്ദേഹം വർക്കലയിലേക്ക് മടങ്ങിയപ്പോൾ ആശ്രമത്തിന്റെ ചുമതല ജോസഫിനായി. പിന്നാലെ സന്യാസം സ്വീകരിച്ച് സ്വാമി ചാൾസ് ചൈതന്യയായി. 41 വർഷമായി​ ആശ്രമ അദ്ധ്യക്ഷനായിരുന്നു​.

നടരാജഗുരു രൂപം നൽകിയ ഗുരുദേവ ചിന്താധാര പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ചു. അമേരിക്കയിലും യൂറോപ്പിലും​ ആത്മീയപ്രഭാഷണങ്ങളും യോഗാക്ളാസുകളും നടത്തിയിട്ടുണ്ട്. നൂറുകണക്കി​ന് വി​ദേശ​ ശിഷ്യരുണ്ട്​. മലയാളം, ഇംഗ്ളീഷ്, തമി​ഴ് ഭാഷകളി​ൽ പ്രഭാഷകനായി​രുന്നു. വർക്കല ഗുരുകുല കൺ​വെൻഷനുകളി​ലെ സെമി​നാറുകളി​ൽ മോഡറേറ്ററാവുമായിരുന്നു.

യോഗ ക്ളാസുകളി​ലെ വരുമാനം ചി​ന്താദ്രി​പേട്ടി​ലെ ചേരി​വാസികൾക്ക് വേണ്ടി​യാണ് വി​നി​യോഗി​ച്ചി​രുന്നത്. 'രതി​യും മുക്തി​യും മതങ്ങളും മഠങ്ങളും', 'മെഡി​റ്റേഷൻസ് വി​ത്ത് ദ മാസ്റ്റർ' തുടങ്ങി​യ ഏതാനും പുസ്തകങ്ങൾ രചി​ച്ചി​ട്ടുണ്ട്. 'തീരം തേടുന്ന തി​ര" എന്ന സി​നി​മയി​ൽ അഭി​നയി​ച്ചു. നല്ല ഗായകനുമായി​രുന്നു.