shaji
ഫാക്ട് ജംഗ്ഷനിൽ പ്രാവുകൾക്ക് ആഹാരം നൽകുന്ന എ.കെ.ഷാജി

കളമശേരി: ലോക്ക് ഡൗണിലും പ്രാവുകൾക്ക് അന്നം നൽകി ഷാജിയും സിസോയും വേലായുധനും. നാലു വർഷത്തോളമായി എ.കെ. ഷാജി ഫാക്ട് ജംഗ്ഷനിലെത്തുന്ന ഇരുനൂറോളം പ്രാവുകൾക്ക് മുടങ്ങാതെ ധാന്യങ്ങൾ നൽകുന്നുണ്ട്. ഒരു ദിവസം രണ്ടു നേരം അരിയും ഗോതമ്പുമായി മാറി മാറി കൊടുക്കും. ജംഗ്ഷനിൽ നിസാൻ ഓടിക്കുകയാണ് ഷാജി. പത്ത് കിലോ വാങ്ങി ചാക്കിലാക്കി ഷോപ്പിംഗ് കോംപ്ളക്സിലെ കടയിൽ സൂക്ഷിക്കും . ഇതുകണ്ട് ചിലർ ധാന്യങ്ങൾ നൽകി സഹായിക്കാറുണ്ടെന്നുംഷാജി പറഞ്ഞു. ഫാക്ട് ഷോപ്പിംഗ് കോംപ്ളക്സിൽ ചലചരക്കു കച്ചവടം നടത്തുന്ന എം.എക്സ്.സിസോയും മാർക്കറ്റിൽ പോകുമ്പോൾ ഒരു ചാക്ക് ധാന്യം പ്രാവുകൾക്കായി വാങ്ങി വയ്ക്കും. ഒരു ദിവസം 3 കിലോ വച്ച് നൽകും. പത്തു വർഷത്തിൽ കൂടുതലായി പ്രാവുകളെ ഊട്ടാൻ തുടങ്ങിയിട്ട്. ലോട്ടറി വില്പനക്കാരനായ വേലായുധൻ നൂറു രൂപ പ്രാവുകൾക്ക് ഭക്ഷണത്തിനായ് മാറ്റിവയ്ക്കും. സിസോയുടെ കടയിൽ നിന്നും ധാന്യം വാങ്ങി പ്രാവുകൾക്ക് നൽകും. മൂവരും പ്രാവുകൾക്ക് ആഹാരം നൽകുന്നത് ഫാക്ട് ജംഗ്ഷനിൽ തന്നെ മൂന്ന് ഇടങ്ങളിലായാണ്. കൃത്യസമയത്ത് പ്രാവുകൾ കൂട്ടമായെത്തും. ലോക്ഡൗണിലും മറ്റ് അവധി ദിനങ്ങളിലും മുടക്കം വരുത്താറില്ല.