കൊച്ചി: രഹസ്യമായി വാറ്റുന്നു. അടിച്ചുപൂസായി ഉറങ്ങുന്നു. കണ്ണുതുറക്കുമ്പോൾ തൊട്ടുമുന്നിൽ എക്സൈസ് ഉദ്യോഗസ്ഥ‌ർ! കുന്നത്തുനാട് സ്വദേശിയായ പ്രവാസിയും സഹായിയുമാണ് ഇങ്ങനെ എക്സൈസ് ഉദ്യോഗസ്ഥരെ കണികണ്ടുണർന്നത്. രണ്ട് ദിവസം മുമ്പാണ് രസകരമായ സംഭവം.

പഴങ്ങാട് സ്വദേശി പ്രവാസിക്ക് അല്പം വാറ്റ് അടിക്കണമെന്ന് മോഹം. പിന്നെ ഒന്നും ആലോചിച്ചില്ല, വിദഗ്ദ്ധനായ ഒരാളെ സഹായിയാക്കി. ഏതാനും ദിവസത്തിനകം വാഷ് ഉണ്ടാക്കുകയും വാറ്രിയെടുക്കുകയും ചെയ്തു. കുടിച്ച് രണ്ടാളും ലെക്കുകെട്ടതോടെ സംഗതി കൈവിട്ടു. വിവരം എക്സൈസിന്റെ ചെവിയിലെത്തി.

ഉടൻ തന്നെ എക്സൈസ് ടീം പ്രവാസിയുടെ വീട്ടിലെത്തി. ബോധംകെട്ട് ഉറങ്ങുകയായിരുന്ന രണ്ടുപേരെയും വിളിച്ച് എഴുന്നേൽപ്പിച്ച് അറസ്റ്റ് ചെയ്തു. 10ലിറ്രർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അഞ്ച് വ‌ർഷം മുമ്പ് ഇറ്റലിയിലെ ജോലി ഉപേക്ഷിച്ചാണ് ഇയാൾ നാട്ടിലെത്തിയത്. വീട്ടി​ൽ ഏകാന്തവാസം. ബന്ധുക്കളെല്ലാം വിവിധ രാജ്യങ്ങളിലാണ്.

അതീവ രഹസ്യമായി നടത്തിയ വാറ്റ് എങ്ങനെ അറിഞ്ഞുവെന്ന് ചോദ്യത്തിന് എക്സൈസിന്റെ ഉത്തരം ഇങ്ങനെ: എത്ര രഹസ്യമായി വാറ്റിയാലും ഞങ്ങൾ പൊക്കിയിരിക്കും.

 ആദ്യം മകൻ, പിന്നെ അച്ഛൻ

ഒന്നൊ രണ്ടോ കുപ്പി കൈവശമുള്ളവർ‌ മദ്യപന്മാരുടെ ഇടയിൽ ഇപ്പോൾ താരങ്ങളാണ്.

അപ്പോൾ ഒരു ബാറ് മുതലാളിയുടെ മകന്റെ കാര്യം പറയണോ. സൂപ്പ‌ർസ്റ്രാർ തന്നെ. എന്നാൽ മകന്റെ വീരപരിവേഷം അച്ഛനെ എക്സൈസ് കേസിൽ കുരുക്കി. പറവൂരി​ലെ ബാ‌ർ‌ മുതലാളിയും മകനുമാണ് എക്സൈസിന്റെ വലയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഇരട്ടി വില നൽകി മദ്യം വാങ്ങാൻ സമ്പന്നരടക്കം എത്തിയതോടെ മകൻ ബാറിൽ നിന്നും കുപ്പിയെടുത്ത് രഹസ്യവില്പന തുടങ്ങി. എക്സൈസ് മണത്തറിഞ്ഞു. കൂടുതൽ വി​ല കൊടുത്തു കുടി​ച്ചവരി​ലാരോ ചതി​ച്ചു. ലോക്ക്ഡൗണിൽ മദ്യവില്പന നടത്തിയതിന് മകൻ ആദ്യം എക്സൈസിന്റെ പി​ടി​യി​ലായി​. പിന്നീട് ബാറിൽ നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ ഷോർട്ടേജ് കണ്ടെത്തിയതോടെ ഉടമയായ അച്ഛനെതിരെയും കേസ് എടുത്തു.