cpm
റെഡ് കെയറിന്റെ കപ്പയുടെ വിപണനോദ്ഘാടനം അങ്കമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി.ബേബി നിർവഹിക്കുന്നു

അങ്കമാലി: നായത്തോട് ഭാഗത്തെ കപ്പ കൃഷിക്കാർക്കാശ്വാസമായി റെഡ് കെയർ കർഷകർ ഉത്പാദിപ്പിച്ച കപ്പ വാങ്ങി. പകുതി വിലക്ക് വീട്ട് പടിവാതിലിക്കൻ എത്തിച്ചാണ് വില്പന.അങ്കമാലി നായത്തോട് ഭാഗത്ത് കൊവിഡ് കെയറായി തുടങ്ങിയ റെഡ് കെയറാണ് കർഷകരെ സഹായിക്കാൻ രംഗത്തെത്തിയത്.ഏക്കറ് കണക്കിന് സ്ഥലത്താണ് കർഷകർ കപ്പ കൃഷി നടത്തിയിരുന്നത്. വിളവെടുപ്പ് സമയമായപ്പോൾ ലോക്ക് ഡൗണും വേനൽമഴയും എത്തിയതോടെ കപ്പ വില്പനയ്ക്ക് തടസമായി. ഈ സാഹചര്യത്തിലാണ് റെഡ് കെയർ ന്യായവിലക്ക് കപ്പ വാങ്ങി നാട്ടുകാർക്ക് തന്നെ വിതരണം ചെയ്യാൻ തയ്യാറായത്.

നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ കിലോക്ക് പത്തുരൂപക്ക് കർഷകരിൽ നിന്നും കപ്പ വാങ്ങി അഞ്ച് രൂപക്ക് വിതരണം ചെയ്യുകയാണ്. ആദ്യ ദിവസം 800 കിലോ കപ്പ വീടുകളിൽ എത്തിച്ചു.കഴിഞ്ഞ ആഴ്ചയിൽ നാട്ടിലെ ചക്ക വാങ്ങി റെഡ് കെയർ വീടുകളിലെത്തിച്ചിരുന്നു.
വിപണനോദ്ഘാടനം അങ്കമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി ബേബി നിർവഹിച്ചു. കൗൺസിലർ രജനി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം ലോക്കൽ സെക്രട്ടി കെ.ഐ .കുര്യാക്കോസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ .ഏല്യാസ്, ലോക്കൽ കമ്മിറ്റി അംഗം ജിജോ ഗർവാസീസ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, മേഖല ട്രഷറർ പി . ആർ.രജീഷ്, ജാഗ്രതാ സമിതി അംഗം ബൈജു കുഞ്ഞവര തുടങ്ങിയവർ നേതൃത്വം നൽകി.