കൊച്ചി: ലോക്ക്ഡൗണിൽ മദ്യം കിട്ടുന്നില്ലെങ്കിലും മദ്യപാനികളുടെ മാനസിക ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ലോക്ക്ഡൗണിൽ എക്‌സൈസ് വകുപ്പിന്റെ വിമുക്തി കൗൺസലിംഗ് സെന്ററുകളിൽ ഫോൺവിളികളുടെ പ്രവാഹമായിരുന്നു. സംസ്ഥാനത്താകെ 1798 ഫോൺ വിളികളെത്തിയപ്പോൾ ഇക്കുറിയത് 113 മാത്രം. അതിൽ 33 പേർക്ക് മാത്രമേ നേരിൽ കൗൺസിലിംഗ് വേണ്ടിവന്നുള്ളൂ.
കഴിഞ്ഞ തവണ മദ്യം കിട്ടാതെ വന്ന ആദ്യ ദിവസങ്ങളിൽ പലരും രൂക്ഷമായ മാനസിക വിഭ്രാന്തിയിലായി. ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്, അമിതമായ വിയർപ്പ്, ദഹനപ്രശ്‌നങ്ങൾ, നിർജലീകരണം എന്നിങ്ങനെ പലവിധ പ്രശ്‌നങ്ങളാണ് ഉത്ഭവിച്ചത്. ഇക്കുറി വിളിച്ചവരിലേറെപ്പേർക്കും നേരിയ വിഡ്രോവൽ സിൻഡ്രോം മാത്രമായിരുന്നുവെന്ന് എക്‌സൈസ് കൗൺസിലർ വിനു വിജയൻ പറഞ്ഞു.
കഴിഞ്ഞ തവണ മദ്യം കിട്ടാതെ മാനസിക വിഭ്രാന്തിയിലായവർ ആദ്യ ദിവസങ്ങളിലും വിളിച്ചിരുന്നു. ഇക്കുറി എത്തിയ കോളുകൾ ഏറെയും രക്ഷിതാക്കളുടേതാണ്. 1- 10 ദിവസം വരെ തുടരുന്ന വിഡ്രോവൽ സിൻഡ്രോം പരിഹരിക്കാനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകി.
കഴിഞ്ഞ വർഷം കടുത്ത മാനസിക വിഭ്രാന്തി കാണിച്ച 250 ഓളം പേർ മദ്യമുക്തി ചികിത്സയിലൂടെ കരകയറി. വിവിധ വിമുക്തി സെന്ററുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
വിമുക്തിയിലേക്ക് ഈവർഷം വിളിച്ചത്: 113 പേർ
വിമുക്തിയിലേക്ക് കഴിഞ്ഞവർഷം വിളിച്ചത്: 1798 പേർ
കഴിഞ്ഞ വർഷം മദ്യമുക്തി ചികിത്സയിലൂടെ കരകയറിയത്: 250 ഓളം പേർ
കാരണങ്ങൾ ഇവ:
പലരും തത്‌സ്ഥിതിയോട് പൊരുത്തപ്പെട്ടു. പെട്ടെന്നൊരു ലോക്ക്ഡൗണല്ല ഇക്കുറി പ്രഖ്യാപിച്ചത്. കൊവിഡ് കാലത്ത് മദ്യ ലഭ്യത കുറഞ്ഞതും മദ്യം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും ഉപഭോഗം കുറച്ചു. ഇക്കുറി വിടവാങ്ങൽ സിൻഡ്രോം അനുഭവിക്കുന്നവർക്ക് നേരിട്ട് പബ്ലിക്ക് ഹെൽത്ത് സെന്ററുകളിൽ പ്രാഥമിക ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സഹായം തേടാം:
മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്നവർക്കായാണ് എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനു കീഴിൽ ഡീ അഡിക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. വൈദ്യസഹായവും കൗൺസലിംഗ് സൗകര്യവുമെല്ലാം ഇവിടെ ലഭ്യമാകും. ടോൾ ഫ്രീ നമ്പർ: 14405, 9400022100, 9188520199, 9188458494