മൂവാറ്റുപുഴ: കൊവിഡ് നിയന്ത്രണങ്ങൾക്ക് പിന്നാലെ ട്രിപ്പിൾലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ദുരിതത്തിലായി. ലോക്ക് ഡൗണിൽ ചുരുക്കം ഓട്ടോറിക്ഷകൾക്ക് നിരത്തിലിറങ്ങാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ മുഴുവൻ വാഹനങ്ങളും കയറ്റി ഇടേണ്ടി വന്നത് തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി.

കൊവിഡ് വ്യാപനത്തിനു പിന്നാലെ ആളുകൾ ഇരുചക്ര വാഹനങ്ങളിേലേക്കും, ചെറു കാറുകളിലേക്കും മാറിയതോടെ ഓട്ടവും തീരെകുറഞ്ഞു. ഭൂരിഭാഗം വാഹനങ്ങളും വായ്പ എടുത്താണ് വാങ്ങിയിരിക്കുന്നത്. ഓട്ടൊ നിരത്തിലിറക്കാൻ കഴിയാത്തതും, ഓട്ടോയുടെ സവാരികുറവും മൂലം നിരവധി പേരുടെ വായ്പ തിരിച്ചടവും മുടങ്ങി. പട്ടിണിയിലായ തൊഴിലാളികൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കൊവിഡ് വ്യാപനത്തോടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരുടെ എണ്ണത്തിൽ വളരെ കുറവുണ്ടായി.

മേഖലയിൽ പണിയെടുക്കുന്നത്

2500ൽ അധികം തൊഴിലാളികൾ
മൂവാറ്റുപുഴ മേഖലയിലും സമീപ പഞ്ചായത്തുകളിലുമായി രണ്ടായിരത്തോളം ഓട്ടോറിക്ഷകളാണ് ഉള്ളത്. 2500 ൽ അധികം തൊഴിലാളികളും പണി എടുക്കുന്നുണ്ട്. ഇതിൽ ഭൂരിപക്ഷം പേരും കൂലിക്ക് ഓട്ടോ ഓടിക്കുന്നവരാണ്. ഇവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ധന വില വർദ്ധനവ് ഈ മേഖലയെ പാടെ ബുദ്ധിമുട്ടിലാക്കി. ഇതുമൂലം ദിവസം മുഴുവനും ഓടിയാലും ഒന്നും കിട്ടാത്ത അവസ്ഥയാണ്. നേരത്തെ 500 മുതൽ 800 രൂപ വരെ ലഭിച്ചിരുന്ന തൊഴിലാളികൾക്ക് ഇതിന്റെ പകുതി വരുമാനം പോലും ലഭിക്കുന്നില്ല.