ആലുവ: ആഫ്രിക്കയിലെ കോംഗോയിൽ മസ്തിഷ്‌ക രക്തസ്രാവത്തെത്തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന മലയാളി യുവാവിന് സഹായവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആലുവ കുറുമശേരി ചൂപ്രത്തുവീട്ടിൽ അനിൽകുമാറിനാണ് (45) കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടൽ അനുഗ്രഹമായത്.
അനിൽകുമാറിന്റെ ഭാര്യ യമുനയും കുടുംബവും കഴിഞ്ഞദിവസം മന്ത്രിയെ കണ്ട് ദുരിതങ്ങൾ വിശദീകരിച്ചിരുന്നു. തുടർന്ന് സഹായം ഉറപ്പാക്കാൻ മന്ത്രി എംബസിക്ക് നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ കോംഗോയിലെ സ്വകാര്യാശുപത്രിയിൽ കഴിയുന്ന അനിൽകുമാറിന് ചികിത്സാ ബില്ലിൽ കുറവുവരുത്തുന്നതിന് എംബസി ഇടപെടും. ബാക്കി അടക്കാനുള്ള തുക കേന്ദ്ര പ്രവാസിക്ഷേമ ഫണ്ടിൽനിന്നും ലഭ്യമാക്കാനും നടപടിയെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വയറിംഗ് തൊഴിലാളിയായിരുന്ന അനിൽകുമാർ രണ്ടുമാസം മുമ്പാണ് കോംഗോയിൽ മലയാളികളുടെ പുതുസംരംഭത്തിലെ ജീവനക്കാരനായി ജോലിക്കെത്തിയത്. കുറച്ച് ദിവസം കഴിഞ്ഞപ്പോളാണ് അനിലിന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായത്. ചികിത്സക്ക് പണമില്ലാതെ അനിൽകുമാറിന്റെ കുടുംബം ബുദ്ധിമുട്ടുകയാണ്. 'കേരളകൗമുദി'യിലെ വാർത്ത ശ്രദ്ധയിൽപ്പെട്ട ചിലർ അനിലിന്റെ കുടുംബത്തെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. സഹായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കുടുംബം. ഫോൺ: 9847568093.