tri-i
പുതുമുഖമന്ത്രിമാരുടെ ചിത്രം വരച്ചുകൊണ്ട് ത്രിദേവ്

മൂവാറ്റുപുഴ: ലോക്ക് ഡൗൺ കാലത്ത് പെൻസിലും വർണ്ണ പേനകളും ഉപയോഗിച്ച് കേരളത്തിലെ പുതിയ മന്ത്രിമാരുടെ ചിത്രം വരക്കുന്ന തിരക്കിലാണ് ത്രിദേവ് എന്ന ഒമ്പതു വയസുകാരൻ. മന്ത്രിമാരുടെ ചിത്രങ്ങൾ വരച്ചു അവർക്കും കേരള സർക്കാരിനും ആശംസകൾ അർപ്പിക്കാനാണിത്. മൂവാറ്റുപുഴ റാക്കാട് സെന്റ് മേരീസ്‌ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ്‌ വിദ്യാർത്ഥിയാണ് ത്രിദേവ്. ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലാത്ത ഈ കുട്ടികലാകാരൻ മന്ത്രിമാരായ പി. രാജീവിന്റെയും വി. ശിവൻകുട്ടിയുടേയും വാസവന്റെയും പ്രൊഫ. ബിന്ദുവിന്റേയും സ്‌പീക്കർ എം.ബി രാജേഷിന്റെയും ചിത്രങ്ങൾ വരച്ച് തീർത്തു. സ്കൂളിലെ ചിത്ര രചന മത്സരങ്ങളിലും മറ്റു സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാറുള്ള ത്രി ദേവിന് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ചിത്ര രചനക്ക് പുറമെ ശില്പ നിർമ്മാണത്തിലും തല്പരനാണ് ത്രിദേവ്. കണയന്നൂർ താലൂക്ക് ഓഫീസിലെ സർവെയറായ മൂവാറ്റുപുഴ നെല്ലാട് വള്ളിയാത്ത് ബിജു വി. എസിന്റെയും, ബിൽഡിംഗ്‌ ഡിസൈനറായ നീതുവിന്റെയും മൂത്തമകനാണ് ത്രിദേവ്.