അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ കൊവിഡ് രോഗികളെ പരിചരിക്കാൻ സി.എം.സി സഭ പ്രൊവിൻസിലെ സിസ്റ്റേഴ്‌സായ, കറുകുറ്റി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അദ്ധ്യാപകരും. സിസ്റ്റർ വിജയ, സിസ്റ്റർ ജെസ്സി, സിസ്റ്റർ ടെൻസി, സിസ്റ്റർ ഷിബി, സിസ്റ്റർ ഈഡിറ്റ് എന്നിവരാണ് ഈ സന്നദ്ധ പ്രവർത്തകർ.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ മുതൽ കൊവിഡ് രോഗികൾക്ക് ആവശ്യമായ എല്ലാ ശുശ്രൂഷകൾ നൽകി, അവരുടെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് ഈ സിസ്റ്റേഴ്‌സ്. ഇനി കുട്ടികളെ പഠിപ്പിക്കുമ്പോൾ കൊവിഡ് രോഗീശുശ്രൂഷകളുടെ അനുഭവപാഠങ്ങളും ഒപ്പം ആരോഗ്യ പ്രവർത്തകരുടെ മൂല്യവും പഠനവിഷയമായിമാറും.
ഈ കൊവിഡ് കാലത്ത് രോഗബാധിതരായ നിരവധി കുടുംബങ്ങൾക്ക് അത്താണിയായി മാറിയ നമ്മുടെ എല്ലാ സഹപ്രവർത്തകർക്കും പ്രത്യേകിച്ച് സിസ്റ്റേഴ്‌സിനും എല്ലാ ആശംസകളും നേരുന്നതായി ആശുപത്രി ഡയറക്ടർ ഫാ.ഡോ.വർഗീസ് പൊട്ടക്കൽ പറഞ്ഞു.