ആലുവ: ആലുവ നഗരസഭയിൽ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ചെയർമാന്റേയും വൈസ് ചെയർപേഴ്സന്റേയും നേതൃത്വത്തിൽ ട്രസ്റ്റ് രൂപീകരിക്കാൻ നീക്കം. ഇന്നലെ നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ചെയർമാൻ എം.ഒ. ജോണാണ് വിഷയം അവതരിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും പ്രാഥമിക ചർച്ചയാണ് നടന്നതെന്നും വൈസ് ചെയർപേഴ്സൺ ജെബി മേത്തർ കേരളകൗമുദിയോട് പറഞ്ഞു.
തുടർച്ചയായി മൂന്നാം വട്ടവും കോൺഗ്രസാണ് നഗരസഭ ഭരിക്കുന്നതെങ്കിലും വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. എം.ഒ. ജോണിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേറ്റിട്ടും മാറ്റമൊന്നുമുണ്ടായിട്ടില്ല. സംസ്ഥാന ഭരണം തുടർച്ചയായി ഇടതുമുന്നണിക്കായതിനാൽ പരിധിവിട്ട സഹായവും നഗരസഭ പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ പൊതുജനങ്ങളിൽ നിന്നും ട്രസ്റ്റ് മുഖേന പണം സ്വരൂപിച്ച് വികസന - ക്ഷേമ പ്രവർത്തനങ്ങൾ നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ശതാബ്ദി വർഷം കൂടിയായതിനാൽ കൂടുതൽ വിവിധ തരത്തിലുള്ള ശതാബ്ദി സ്മാരക നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾ നഗരസഭയുടെ പരിഗണനയിലുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കുന്നതിനും പണം കണ്ടെത്തുന്നതിനുമെല്ലാം ട്രസ്റ്റിനെ ഉപയോഗപ്പെടുത്താൻ കഴിയുമോയെന്നും പരിശോധക്കുന്നുണ്ട്.
എന്നാൽ ട്രസ്റ്റ് രൂപീകരണം നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണോയെന്ന് വ്യക്തമല്ല. അങ്ങനെയല്ലെങ്കിൽ പിന്നെന്തിന് നഗരസഭ പാർലമെന്ററി പാർട്ടി യോഗത്തിൽ വിഷയം ചർച്ച ചെയ്തുവെന്നും പ്രവർത്തകർ ചോദിക്കുന്നുണ്ട്. നഗരസഭ ഭരണാധികാരികൾ ചുമതലയൊഴിഞ്ഞാൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാറ്റമുണ്ടാകുമോയെന്നും വ്യക്തതയില്ല. ട്രസ്റ്റിന് നഗരസഭയുമായി ബന്ധമില്ലെങ്കിൽ പാർലമെന്ററി പാർട്ടിയിലല്ല പാർട്ടി ഘടകത്തിലാണ് ചർച്ച വേണ്ടതെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടികാട്ടുന്നു.
ട്രസ്റ്റിൽ അംഗമാകാൻ ക്ഷണിച്ചാലും താനില്ലെന്നാണ് പാർലമെന്ററി പാർട്ടിയിലെ ഒരംഗം 'കേരളകൗമുദി'യോട് പ്രതികരിച്ചത്. ശിവരാത്രി നാളിൽ മണപ്പുറത്ത് നടക്കുന്ന സാംസ്കാരികോത്സവത്തിന്റെ വരവ് - ചെലവ് കണക്കുകൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാത്ത നഗരസഭയാണിത്.