കളമശേരി: കിഴക്കമ്പലത്തെ കർഷകർക്കായി ഏലൂരിന്റെ കപ്പചലഞ്ച്. ലോക്ഡൗണും മഴയും ഒന്നിച്ച് വന്നതോടെ തങ്ങളുടെ ഉല്‌പന്നം വിറ്റഴിക്കാൻ കഴിയാതെ ദുരിതത്തിലായ കപ്പ കർഷകർക്ക് വേണ്ടിയാണ് ഏലൂർ നഗരസഭ കപ്പ ചലഞ്ച് ഏറ്റെടുത്തത്. ആലുവ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ഇത്. കിഴക്കമ്പലം പഞ്ചായത്തിലെ സി.വി.ഹരിദാസ്, ജലീൽ, ബീന വിജു ,കൊച്ചുണ്ണി, ജോർജ് എന്നീ കർഷകരിൽ നിന്ന് കിലോയ്ക്ക് 10 രൂപ വെച്ചാണ് കപ്പ ശേഖരിച്ചത്. കീഴ്മാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാൻസി പരമേശ്വർ ,കൃഷി ഓഫീസർ ഗായത്രീദേവി, അസിസ്റ്റന്റ് മിനി, അരുൺ, എന്നിവർ സംഭരണത്തിന് നേതൃത്വം നൽകി. ഏലൂർകൃഷി ഓഫീസിലെത്തിച്ച കപ്പ ചെയർമാൻ എ .ഡി .സുജിൽ , കൗൺസിലർമാരായ പി.എ, ഷെരീഫ്, കെ.ആർ.കൃഷ്ണപ്രസാദ്, കൃഷി ഓഫീസർ അഞ്ജു മറിയം, ജില്ലാ യൂത്ത് കോർഡിനേറ്റർ എ.ആർ.രഞ്ജിത് തുടങ്ങിയവർ ഏറ്റുവാങ്ങി.
-