കാലടി : ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും മെന്ററിംഗ് സംവിധാനം ആരംഭിച്ചു. വീടുകളിൽ കഴിയുന്ന ഓരോ പ്ലസ് വൺ വിദ്യാർത്ഥികളെയും അദ്ധ്യാപകർ ഫോണിൽ നേരിട്ട് വിളിച്ച് "ഒപ്പമുണ്ട് ഞങ്ങൾ " എന്ന സന്ദേശം പകർന്നു നൽകുന്നതാണ് പദ്ധതി. ജില്ലയിൽ പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടനം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ.സി.എം.അസീം നിർവ്വഹിച്ചു. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെൽ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.സി.എ. ബിജോയ് അദ്ധ്യക്ഷനായി. അക്കാഡമിക് കോ-ഓർഡിനേറ്റർ എൻ.നളിനകുമാരി, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ടി.ജി.മാർട്ടിൻ, ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ വി.എസ് പ്രമോദ്, ഡോ.വി.സനൽകുമാർ, റിജി പൗലോസ്, അനു ക്ലീറ്റസ്, ജെയിംസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. മാസ്റ്റർ ട്രെയിനർ എം.സി.രജിലൻ ഓൺലൈൻ പരിശീലന ക്ലാസിന് നേതൃത്വം നൽകി.