photo
നായരമ്പലം ദേവിവിലാസം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ സന്ദർശിക്കുന്നു

വൈപ്പിൻ:കടൽക്ഷോഭത്തെ തുടർന്ന് നായരമ്പലം ദേവിവിലാസം എൽ. പി. സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും മൂന്നു മാസത്തേക്ക് സൗകര്യപ്രദമായ സ്ഥലത്ത് താമസിക്കാൻ പ്രതിമാസം 5000 രൂപ വീതം വാടക നല്കുമെന്ന് നിയുക്ത എം.എൽ.എ. കെ.എൻ.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. കടൽ ക്ഷോഭത്തിന് സാദ്ധ്യതയുള്ള അടുത്ത മൂന്നു മാസത്തേക്ക് താത്കാലിക താമസ സൗകര്യം ഒരുക്കണമെന്ന് ശനിയാഴ്ച ക്യാമ്പിലെത്തിയ കെ. എൻ. ഉണ്ണിക്കൃഷ്ണന്റെ മുന്നിൽ അന്തേവാസികൾ ഉന്നയിച്ചിരുന്നു. 20 കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 47 പേരാണ് ഈ ക്യാമ്പിലുള്ളത്. തുക പഞ്ചായത്ത്, സഹകരണ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവരുമായി സഹകരിച്ച് സമാഹരിക്കും. വാടക വീട് അവരവർ കണ്ടെത്തണം.പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗീസ്, അംഗങ്ങളായ സി. സി. സിജി, എം. പി. ശ്യാംകുമാർ, താര കൃഷ്ണൻ, ജൂഡി ടോമി, കെ.വി.ഷിനു , എ. ഡി. മണി, സി.പി. എം. ലോക്കൽ സെക്രട്ടറി എ. കെ. ഉല്ലാസ്, കെ. കെ. ബാബു, വില്ലേജ് ഓഫീസർ റാഫി റുസ്തം എന്നിവർ ഉണ്ണിക്കൃഷ്ണനോടൊപ്പം ക്യാമ്പിൽ എത്തിയിരുന്നു.