firoz
ഫിറോസ് ഖാൻ

കൊച്ചി: ദുബായിൽ നഴ്‌സിംഗ് ജോലി വാഗ്ദാനംചെയ്ത് രണ്ടരമുതൽ മൂന്നുലക്ഷം രൂപ വരെ തട്ടിയെടുത്ത് 500 ലേറെപ്പേരെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി കലൂരിലെ 'ടേക്ക് ഓഫ്' റിക്രൂട്ടിംഗ് ഏജൻസി ഉടമ ഫിറോസ് ഖാൻ പിടിയിൽ. കോഴിക്കോട് നിന്നാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. ഫിറോസിന്റെ തട്ടിപ്പിന് ഗൾഫിൽ കൂട്ടുനിന്ന എറണാകുളം സ്വദേശി സത്താറും ഒളിവിൽ കഴിയാൻ സഹായിച്ച കൊല്ലം സ്വദേശിയും കസ്റ്റഡിയിലുണ്ട്. മൂവരുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

സർക്കാർ സർവീസി​ൽ സ്ഥിരംജോലി വാഗ്ദാനംചെയ്ത് വിസിറ്റിംഗ് വിസയിലാണ് ഇവർ യുവതി​കളെ ദുബായി​ലെത്തി​ച്ചത്. രണ്ടുമാസം കഴിഞ്ഞും ജോലിലഭിക്കാത്ത നഴ്‌സുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. സമാനമായ കേസുകളിൽ നേരത്തെയും ഫിറോസ് അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങി സ്ഥാപനത്തിന്റെ പേര് മാറ്റിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.

കൊവിഡ് വാക്‌സിൻ നൽകുന്ന ജോലിയെന്ന പേരിൽ നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ കുടുക്കിയത്. എല്ലാവർക്കും മൂന്നുമാസത്തെ വിസിറ്റിംഗ് വിസയാണ് നൽകിയത്. ജോലിയോ താമസിക്കാൻ ഭേദപ്പെട്ട സംവിധാനങ്ങളോ നൽകാതെ ദുബായിൽ ദുരിതജീവിതം നേരിടുകയാണെന്നാണ് നഴ്‌സുമാർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ ഇ മെയിലിൽ പറയുന്നത്.

വാക്‌സിൻ ഡ്യൂട്ടി കഴിഞ്ഞെന്നാണ് ഏജൻസിയുടെ ദുബായിലെ പ്രതിനിധികൾ പറയുന്നത്. ഹോംനഴ്‌സ്, കെയർ ടേക്കർ തുടങ്ങിയ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയാണ്. തിരിച്ചുപോകാൻ കഴിയാത്ത നിരവധിപേർ ഇത്തരം ജോലികളിൽ പ്രവേശിച്ചു. മറ്റുള്ളവരോട് മടങ്ങാനാണ് നിർദേശം. നൽകിയ പണം തിരികെ നൽകില്ലെന്നുമാണ് ഇവരെ അറിയിച്ചിട്ടുള്ളത്. തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുകയാണ്.

അറസ്റ്റ് ന്യൂഡെൽഹിക്ക്

പറക്കാൻ ഒരുങ്ങവേ

പരാതി പുറത്തായതോടെ ഫിറോസ് ഖാൻ ഒളി​വിൽ പോയി. ഇയാൾക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് കോഴിക്കോട് രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് നോർത്ത് പൊലീസ് സംഘം അവിടെ എത്തി കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വിമാനത്താവളം വഴി ന്യൂഡെൽഹിക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. വിമാനയാത്രയ്ക്കായി കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനയടക്കം ഇതിനിടെ നടത്തി. ദുബായിലുള്ള മറ്ര് പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.