കളമശേരി: ജില്ലയിലെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽ ലീഗൽ മെട്രോളജി ഫ്ളയിംഗ് സ്ക്വാഡ് ഇന്നലെ പരിശോധന നടത്തി. കളമശേരി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സ്റ്റോറിൽ മാസ്കിന് ആറ് രൂപ ഈടാക്കിയതിനും(മുൻ നിശ്ചയിച്ചിരിക്കുന്ന വില 3രൂപ 90 പൈസയാണ്)​ 192 രൂപയുടെ ഹാൻഡ് സാനിറ്റൈസറിന് 249 രൂപ വാങ്ങിയതിനും സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും 45,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയ്ക്ക് ഫ്ളയിംഗ്‌ സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ സി .ഷാമോൻ നേതൃത്വം നൽകി. ഇൻസ്പെക്ടിംഗ് അസിസ്റ്റന്റുമാരായ എ.എക്സ്. ജോസ് , വി.എസ്.രാജേഷ് എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.