rehabitlitation

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ റിഹാബിലിറ്റേഷൻ സെന്ററുകൾ അടച്ചതോടെ ദുരിതത്തിലായി ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ. കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഈ വിഭാഗത്തിൽപ്പെട്ട കുട്ടികളെ സെന്ററുകളിൽ എത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് സെന്ററുകൾ താത്കാലികമായി അടച്ചത്. കുട്ടികൾ മാസ്ക്ക് വയ്ക്കാൻ തയാറാകാത്തതും ഓടിനടക്കുന്നതുമെല്ലാം നിലവിലെ സാഹചര്യത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ കാരണമാകും.

ഭിന്നശേഷിക്കാർ, ഓട്ടിസം, പഠനവൈകല്യം, സെറിബ്രൽപാസി, കേൾവി, കഴ്ച, സംസാരശേഷി ഇല്ലാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുള്ള കുട്ടികൾക്കാണ് റിഹാബിറ്റേഷൻ സെന്ററുകളിൽ ചികിത്സ നൽകുന്നത്. എന്നാൽ സെന്ററുകൾ അടച്ചതോടെ കുട്ടികൾക്കും ചികിത്സ നഷ്ടമായിട്ടുണ്ട്. പലകുട്ടികളും ഭാവവ്യത്യാസങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. ഇത് അവരെ പഴയതിലും ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുമോ എന്നതും മാതാപിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഭൂരിഭാഗം സെന്ററുകളും ഓൺലൈൻ ചികിത്സ ആരംഭിച്ചിട്ടുണ്ട്. എന്നാൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരും ട്രൈബൽ മേഖലകളിൽ താമസിക്കുന്നതുമായ കുട്ടികൾക്ക് ഇതിനുള്ള സൗകര്യം ഇല്ലാത്തതാണ് മാതാപിതാക്കളെ ആകുലപ്പെടുത്തുന്നത്.

മാതാപിതാക്കൾ അറിയാൻ

ഓൺലൈൻ സൗകര്യം ഇല്ലാത്തകുട്ടികൾക്കായി അടുത്തുള്ള ബി.ആർ.സികളിൽ സൗകര്യം ഒരുക്കും. കൂടാതെ വനിത ശിശുവികസന വകുപ്പുവഴി സൗകര്യങ്ങൾ എത്തിച്ചു നൽകും. രക്ഷകർത്താക്കൾ കുട്ടികളുടെ ദിനചര്യകളിൽ മാറ്റം വരുത്താൻ പാടില്ല. സൂര്യപ്രകാശം ലഭ്യമാക്കുകയും വ്യായാമം ചെയ്യിപ്പിക്കുകയും വേണം. നേരത്തെ നൽകിയിട്ടുള്ള ചികിത്സ രീതി തുടരണം. ടെലിമെഡിക്കൽ സംവിധാനം ഉപയോഗിക്കണം. ഓൺലൈൻ വഴി തെറാപ്പിസ്റ്റുകൾ നൽകുന്ന നി‌ർദ്ദേശങ്ങൾ കുട്ടികളെയും കേൾപ്പിക്കണം. തെറാപ്പിസ്റ്റിന്റെ ഫോട്ടോയോ വിഡിയോയോ കുട്ടികളെ ഇടയ്ക്കിടയ്ക്ക് കാണിക്കണം. അല്ലാത്ത പക്ഷം പിന്നീട് കുട്ടികൾ ഇവരെ മറക്കുകയും ഇവരോട് സഹകരിക്കാതെയും വരും. കുട്ടികൾ അക്രമ സ്വഭാവം കാണിക്കുകയോ, സ്വയം പരുക്കേൽപ്പിക്കുകയോ ചെയ്താൽ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടണം.

ഡോ. അരുൺ ബി.നായർ

സൈക്യാട്രിസ്റ്റ്, ചൈൾഡ് ഡെവലപ്മെന്റ് സെന്റർ ഗസ്റ്ര് ഫാക്വൽറ്റി,

തിരുവനന്തപുരം മെഡിക്കൽ കോളേജ്

ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ചികിത്സ മുടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടി വീണ്ടും അക്രമാസക്തനായിട്ടുണ്ട്. തലഭിത്തിയിലിടിപ്പിക്കുക, ദേഷ്യം കാണിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ശബ്ദം കേൾക്കുമ്പോൾ ഭയന്ന് ഒളിച്ചിരിക്കുന്ന പ്രവണതയും കാണുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഭേദമായി വന്നിരുന്നതാണ്. എന്നാൽ ഇപ്പോൾ കുട്ടി വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

രക്ഷകർത്താവ്