tree
അപകടഭീഷണിയുയർത്തി നിൽക്കുന്ന മൂവാറ്റുപുഴ ജനറലാശുപത്രി പരിസരത്തു നിൽക്കുന്ന കൂറ്റൻ തണൽമരം

മൂവാറ്റുപുഴ: അപകട ഭീക്ഷണി ഉയർത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രി ഗ്രൗണ്ടിൽ കൂറ്റൻ തണൽ മരം. ചുറ്റുമുള്ള വേരുകൾ വേർപെട്ട് ഏതുനിമിഷവും നിലംപതിച്ചേക്കാവുന്ന അവസ്ഥയിലാണ്. ജനറൽ ആശുപത്രിയുടെ കൊവിഡ് പരിശോധന കേന്ദ്രത്തിനു സമീപമാണ് മരം ഭീഷണിയായി നിൽകുന്നത്. മരത്തിന്റെ വേരുകൾ ഭൂരിഭാഗവും വെട്ടിമറ്റിയ നിലയിലാണ്. ഇവിടെ നടന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മരത്തിന്റെ വേരുകൾ അരിഞ്ഞുമാറ്റിയത്. ശക്തമായൊരു കാറ്റുണ്ടായാൽ മരം കടപുഴകാനുള്ള സാധ്യത കൂടുതലാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. കാലവർഷത്തിൽ വൻ ദുരന്തം ഉണ്ടാകാതിരിക്കാൻ മരം വെട്ടിമറ്റണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി നഗരസഭ അധികാരികൾക്കും ആശുപത്രി അധികൃതർക്കും പരാതി നൽകി. നിത്യേന നൂറുകണക്കിനു രോഗികൾ എത്തുന്ന ആശുപത്രിയിലെ രോഗികളുടെ ജീവനും ആശുപത്രി കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മരം വെട്ടിമാറ്റാൻ നടപടി എടുക്കണമെന്ന് കൗൺസിലർമാരും ആവശ്യപ്പെട്ടിട്ടുണ്ട്.