wonderla
പള്ളിക്കരയിലെ വണ്ടർലാ ജംഗ്ഷൻ

കിഴക്കമ്പലം: ആളുമില്ല, അനക്കവുമില്ല. കൊവിഡ് പ്രതിരോധത്തിൽ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലായുടെ കവാടം കാലിയായി.പാർക്കുമായി ബന്ധപ്പെട്ട് ജീവിതം തള്ളി നീക്കിയ ഇവിടുത്തെ നൂറിലധികം കുടുംബങ്ങൾ പട്ടിണിയിലേയ്ക്ക്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ഏൽപിച്ച കടുത്ത നഷ്ടം പരഹരിച്ചു വരുന്നതിനിടെയാണ് രണ്ടാം വ്യാപനം വൻ തിരിച്ചടിയായത്. കച്ചവടക്കാർ കടയടച്ചു. വിനോദ നികുതിയിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങൾ കുന്നത്തുനാട് പഞ്ചായത്തിനും നഷ്ടമായി.ശരാശരി മൂവായിരത്തോളം പേരാണ് പ്രതിദിനം ഇവിടെ എത്തിയിരുന്നത്. അവധിദിനങ്ങളിലും മ​റ്റും ജനങ്ങളും വാഹനങ്ങളും തിങ്ങിനിറഞ്ഞിരുന്ന പാർക്കിന്റെ കവാടം ഇപ്പോൾ വിജനമാണ്. കൊവിഡിനെത്തുടർന്ന് പാർക്ക് അടച്ചതോടെ പള്ളിക്കരയുടെ സാമ്പത്തികനിലയാണ് പരുങ്ങലിലായത്.

വണ്ടർലായിൽ നേരിട്ടും കരാർ വ്യവസ്ഥയിലുമായി 700 ഓളം ജോലിക്കാരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ ശുചീകരണത്തിനും മ​റ്റുമായി വിരലിലെണ്ണാവുന്ന ജോലിക്കാരായി ചുരുങ്ങി. മ​റ്റുള്ളവരെല്ലാം ജോലിയില്ലാതെ വീടുകളിൽ കഴിയുന്നു. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ അമ്യൂസ്‌മെന്റ് പാർക്ക് എന്ന് തുറക്കാനാകും എന്നതിൽ വ്യക്തതയില്ല.പാർക്ക് പ്രവർത്തിക്കാതായതോടെ കുന്നത്തുനാട് പഞ്ചായത്തിന് വിനോദ നികുതിയിനത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതോടെ പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളെയും ബാധിച്ചു.

കടകളെല്ലാം അടഞ്ഞു

കാക്കനാട് മുതൽ വണ്ടർലായുടെ പരിസരം വരെ റോഡരികിലുണ്ടായിരുന്ന മുഴുവൻ കടകളും അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകൾ, തട്ടുകടകൾ, വെള്ളത്തിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ കടകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. വിനോദസഞ്ചാരികളെ കാത്തുകിടന്നിരുന്ന മുപ്പതോളം ഓട്ടോറിക്ഷകൾ, ടാക്‌സികൾ, മിനി വാനുകൾ എന്നിവയ്ക്കും ഓട്ടമില്ല. വണ്ടികളെല്ലാം ഓട്ടം തേടി മറ്റു സ്റ്റാൻഡുകളിലേയ്ക്ക് പോയി. അവിടെയും ഓട്ടമില്ല ഡ്രൈവർമാർ പലരും കുടുംബം പുലർത്താൻ കഷ്ടപ്പെടുകയാണ്.