ആലുവ: ആലുവ നഗരസഭ ചെയർമാന്റെയും വൈസ് ചെയർപേഴ്സന്റെയും നേതൃത്വത്തിൽ ട്രസ്റ്റ് രൂപീകരിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരസഭയുടെ അധികാര പരിധിയിൽപ്പെടാത്ത ട്രസ്റ്റ് രൂപീകരണം കോൺഗ്രസ് ഭരിക്കുന്ന ആലുവ നഗരസഭയിൽ പാർലമെന്ററി പാർട്ടി യോഗത്തിൽ ചർച്ചയ്ക്ക് വന്നതോടെയാണ് വിവാദമായത്.
ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം 'കേരളകൗമുദി' വാർത്ത പുറത്തുവിട്ടതോടെയാണ് പ്രതിപക്ഷവും കോൺഗ്രസിലെ ഒരു വിഭാഗവും വിവരമറിയുന്നത്. നഗരസഭയ്ക്ക് അധികാരമില്ലാത്ത ട്രസ്റ്റ് രൂപീകരണം പാർട്ടി കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ നഗരസഭ പാർലമെന്ററി പാർട്ടി യോഗത്തിൽ അവതരിപ്പിച്ചത് ദുരൂഹമാണെന്നാണ് ഒരു വിഭാഗം കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നത്. നഗരസഭയെടുക്കുന്ന പല തീരുമാനങ്ങളും ഭരണപക്ഷ കൗൺസിലർമാർ പോലും മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന ആക്ഷേപം നിലനിൽക്കേയാണ് പുതിയ ട്രസ്റ്റ് രൂപീകരണ നീക്കം. എല്ലാകാര്യങ്ങളും ആലോചിച്ച ശേഷം നടപ്പാക്കാനാകില്ലെന്നും അറിയുന്നതനുസരിച്ച് സഹകരിക്കുകയാണ് വേണ്ടതെന്നുമാണ് പാർലമെന്ററി പാർട്ടിയിലെ പ്രമുഖന്റെ നിലപാട്.
പേര് ദുരുപയോഗമെന്ന്
ഇത്തരമൊരു ട്രസ്റ്റ് രൂപീകരണത്തെ കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ് കുമാർ പറഞ്ഞു. അത്തരത്തിൽ ട്രസ്റ്റ് രൂപീകരിക്കാൻ മുനിസിപ്പൽ ചട്ടമില്ലെന്നിരിക്കെ നഗരസഭയുടെ പേര് ദുരുപയോഗിക്കാൻ ശ്രമിച്ചാൽ മുന്നണി നേതൃത്വവുമായി ആലോചിച്ച് ശക്തമായി എതിർക്കുമെന്നും ശ്രീലത വിനോദ് കുമാർ പറഞ്ഞു. സമാനമായ നിലപാട് തന്നെയാണ് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ മിനി ബൈജുവിന്റെയും നിലപാട്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത പണപിരിവിനാണ് ആലുവ നഗരസഭ ചെയർമാന്റെയും വൈസ് ചെയർമാന്റെയും നേതൃത്വത്തിൽ ട്രസ്റ്റ് രൂപീകരിക്കുന്നതെന്ന് ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ക്ഷേമ പ്രവർത്തനങ്ങൾക്കെന്ന പേരിൽ നഗരസഭയെ ദുരുപയോഗിക്കാനാണ് നീക്കം.
ബന്ധപ്പെട്ടവർ പിൻമാറിയില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കും.നിയമ നടപടികൾ സ്വീകരിക്കും
എ. സെന്തിൽകുമാർ, ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ്
അഴിമതിക്ക് കളമെരുക്കാനാണ് നീക്കം. പ്രാദേശിക ജനപ്രതിനിധി സഭയെ നോക്കുകുത്തിയാക്കി പൊതുസമൂഹത്തിൽ നിന്നുമുള്ള പണം കവർന്നെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കും.
പ്രദീപ് പെരുമ്പടന്ന, ബി.ജെ.പി മണ്ഡലം സെക്രട്ടറി