മൂവാറ്റുപുഴ: കാവുംങ്കര-മാർക്കറ്റ് റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.നഗരസഭയുടെ അധീനതയിലുളള ഈ കെട്ടിടത്തിന് അൻപതുവർഷത്തിലധികം പഴക്കമുണ്ട് .കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ദിവസവും സഞ്ചരിക്കുന്ന റോഡ് വക്കിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് കെട്ടിടം.
കെട്ടിടത്തിന്റെ പ്രതാപ കാലത്ത് ത്രീസ്റ്റാർ ബീഡി കമ്പനിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ബീഡി കമ്പനി നിന്നതോടെ കുറെ വനിതകൾ സംഘടിച്ച് വനിതാ ഹോട്ടലാക്കി.പിന്നീട് അതും നിന്നും.ഏതാനം വർഷമായി ആരും ഏറ്റെടുക്കാനില്ലാതായതോടെ കെട്ടിടം കാട് കയറി ഇടിഞ്ഞുപൊളിയുവാൻ തുടങ്ങി. കഴിഞ്ഞ പ്രളയ കാലത്ത് കുറെ ഭാഗം ഇടിഞ്ഞു വീഴുകയും ചെയ്തു.
പരാതി നൽകി
കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി ആർ.ഡി.ഒക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകി. നിരവധി തവണ ഈ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.