കുറുപ്പംപടി: പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്ന് മോഷണം പോയ ലോറികൾ തമിഴ്നാട്ടിൽ തെങ്കാശിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കാലടിയിലെ പേ ആൻഡ് പാർക്ക് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയും പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ വർക്ക്ഷോപ്പിൽ പണി കഴിഞ്ഞ് നിർത്തിയിരുന്ന ലോറിയുമാണ് കളവുപോയത്.
കാലടിയിൽ നിന്ന് കാണാതായ ലോറി എടപ്പാൾ സ്വദേശിയുടേതാണ്. മൈസൂരിൽ നിന്ന് മൈദയുമായി മട്ടാഞ്ചേരിയിലേക്കു വന്ന വാഹനം റിട്ടേൺ ലോഡിനു വേണ്ടിയാണ് കാലടിയിലെത്തിയത്. പനിയായി ഡ്രൈവർ വീട്ടിലേക്കു പോയപ്പോഴായിരുന്നു മോഷണം.
കോട്ടയം സ്വദേശിയുടെ വാഹനമാണ് വട്ടക്കാട്ടുപടിയിൽ നിന്ന് കളവുപോയത്. ജീവനക്കാരിൽ ഒരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് വർക്ക്ഷോപ്പ് തുറക്കാറില്ലായിരുന്നു.
വണ്ടികൾ മോഷണം പോയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് വാഹനം ചെങ്കോട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ വിജനമായ പ്രദേശത്ത് കണ്ടെത്തിയത്. ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ, സിവിൽ പോലിസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോൾ, പ്രജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.