covid

കൊച്ചി: ആദ്യം താക്കീത് നൽകി. പിന്നെ ഉത്തരവിറക്കി. എന്നിട്ടും കൊവിഡ് പ്രതിരോധ മെഡിക്കൽ ഉല്പന്നങ്ങളുടെ വില തോന്നുംപടി തന്നെ. ലീഗൽ മെട്രോളജി വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രമുഖ മെഡിക്കൽ സ്റ്റോറുകളടക്കം നിരവധി സ്ഥാപനങ്ങൾ പരിശോധനയിൽ കുടുങ്ങി. മാസ്ക് , സാനിറ്റൈസർ, പി.പി.ഇ കിറ്റടക്കം 15 ഇനങ്ങൾക്കാണ് സർക്കാർ വിലനിയന്ത്രണമുള്ളത്.

കൊള്ളലാഭം കൊയ്യുന്നു
 സർജിക്കൽ മാസ്ക് ഒന്നിന് സർക്കാർ വില 3.90 രൂപ. പക്ഷേ അഞ്ച് രൂപ മി​നി​മം വാങ്ങുന്നവരാണ് കൂടുതലും.

തുച്ഛമായ വിലയ്ക്കാണ് മാസ്‌കുകൾ ലഭിക്കുന്നത്. വില്പന ഇരട്ടിവിലയ്ക്കും.

 സാനിറ്റൈസറും ഈ വിധം തന്നെ. അര ലി​റ്റർ കുപ്പി​ക്ക് 192രൂപയാണ് സർക്കാർ നിരക്ക്. പക്ഷേ കച്ചവടം 250രൂപയ്ക്കും.

 പി.പി.ഇ കിറ്റിന്റെ അടിസ്ഥാന വില പൊതുജനങ്ങൾക്ക് അറിയാമെന്നതിനാൽ ഇതിൽ കൊള്ളയില്ല. മറ്റ് ഉത്പന്നങ്ങൾക്ക് അഞ്ച് മുതൽ 30 രൂപ വരെയാണ് അധിക വില.

 ആലുവ,കളമശേരി, തൃക്കാക്കര എന്നിവടങ്ങളിൽ പരിശോധന കഴിഞ്ഞു. മറ്റിടങ്ങളിൽ പുരോഗമിക്കുന്നു.

 പേരിന് ഓക്‌സിമീറ്റർ
സംസ്ഥാനത്ത് പൾസ് ഓക്‌സിമീറ്ററിന് ക്ഷാമമുണ്ടായെങ്കിലും ഇപ്പോൾ സുലഭമാണ്. ലീഗൽ മെട്രോളജിയുടെ പരിശോധനയിൽ ഊരും പേരുമില്ലാത്ത ഓക്‌സിമീറ്ററുകൾ കണ്ടെത്തി. ഇത് കണ്ടെടുത്ത് പിഴ ഈടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണമുണ്ടാകും.

 15,000 പോകും
മാസ്‌കിന് വില കൂട്ടിവിറ്റാൽ 15,000 രൂപയാണ് പിഴ . സാനിറ്റൈസറിന് 20,000രൂപയും. പിഴ അടച്ചില്ലെങ്കിൽ തടവ് ശിക്ഷ ഉറപ്പാണ്. ഇത്തരം കേസുകൾ കോടതിൽ എത്താതെ പിഴടച്ച് തടിയൂരുകയാണ് എല്ലാവരും. അവശ്യസാധന നിയമം ലംഘിച്ച് തരികിട കാട്ടിയാൽ പോക്കറ്റ് കീറുമെന്ന് ചുരുക്കം.

''പരിശോധന തുടരും. നിരവധി സ്ഥാപനങ്ങൾ കുടുങ്ങിയിട്ടുണ്ട്.''

സി.ഷാമോൻ

ഡെപ്യൂട്ടി കൺട്രോളർ
ലീഗൽ മെട്രോളജി

ഉത്പന്നം : വില
പി.പി.ഇ കിറ്റ് : 273 രൂപ
എൻ 95 മാസ്‌ക് : 22 രൂപ
സാനിറ്റൈസർ :192 രൂപ (500 മില്ലി)
98 രൂപ( 200 മില്ലി)
55 രൂപ (100 മില്ലി)

ഫേസ് ഷീൽഡ് : 21 രൂപ
ഡിസ്‌പോസിബിൾ ഏപ്രൺ: 12 രൂപ
സർജിക്കൽ ഗൗൺ :65 രൂപ
പരിശോധനാ ഗ്ലൗസ് :5.75 പൈസ
സ്റ്റെറൈൽ ഗ്ലൗസ് ജോഡി :15 രൂപ
എൻ.ആർ.ബി മാസ്‌ക് :80 രൂപ
ഓക്‌സിജൻ മാസ്‌ക് :54 രൂപ
ഹ്യുമിഡിഫയറുള്ള ഫ്‌ളോമീറ്റർ :1,520 രൂപ
പൾസ് ഓക്‌സിമീറ്റർ :1500 രൂപ.