കൊച്ചി: നഗരത്തിൽ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും കോർപ്പറേഷന്റെയും, ആശാ വർക്കർമാരുടെയും നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചു നൽകുന്ന പരിപാടി ഒരുമാസം പിന്നിട്ടു. നഗരസഭയുടെ പദ്ധതിക്ക് ഭക്ഷണം തയാറാക്കുന്നത് എറണാകുളം കരയോഗമാണ്. 31 ദിവസം കൊണ്ട് 1,36,556 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. 74 ഡിവിഷനുകളെ ഏഴ് സർക്കിൾ ആയി തിരിച്ചാണ് ഭക്ഷണം നൽകുന്നത്.
15ഓളം പാചക വിദഗ്ധരാണ് ഭക്ഷണം തയാറാക്കുന്നത്. 5000ലേറെ പേർക്കുള്ള ഭക്ഷണം പാക്ക ചെയ്യുന്നതിന് 50ലേറെ സന്നദ്ധ പ്രവർത്തകർ വേറെയുമുണ്ട്. യൂണിയൻ തൊഴിലാളികൾ, നഗരസഭ ആരോഗ്യം- കണ്ടിജെൻറ്റ് വിഭാഗം ജീവനക്കാർ, നന്മ, എസ്.പി.സി, തുടങ്ങിയ വിവിധ സേവാ സംഘടനകളും സഹായവുമായി രംഗത്തുണ്ട്.
മേയർ, എം.അനിൽ കുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബാ ലാൽ, വി.എ .ശ്രീജിത്ത്, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ആലപ്പാട്ട് മുരളി, അഡ്വ. എ. ബാലഗോപാൽ, സി.ജി. രാജഗോപാൽ, സി.ഐ.സി സി. ജയചന്ദ്രൻ, കെ.ബി ബിനൂപ് , സുഭാഷ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നത്.