fish

മൂവാറ്റുപുഴ: സമയം പോക്കിനായി മീൻ പിടിക്കാൻ പോകുമ്പോൾ പുറകിലൊരു കണ്ണുള്ളത് നന്ന്. എപ്പോൾ വേണമെങ്കിലും പിടിവീഴാം. ജലസമ്പത്തുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മീൻ പിടിത്തത്തിനെതിരെ ഫിഷറീസ് വിഭാഗം കടുത്ത നിയന്ത്രണങ്ങൾ വരുത്തിയിരിക്കുകയാണ്. അനധികൃതമായി മീൻ പിടിച്ചാൽ 15000 രൂപയാണ് പിഴ. ഇതിനെല്ലാം പുറമെ ഫിഷറീസിനോടൊപ്പം റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും വിളിച്ചാൽ വിളിപ്പുറത്തെത്തും. വീണ്ടും നിയമം തെറ്റിക്കാനാണ് ഭാവമെങ്കിൽ 6 മാസം ജയിൽ ശിക്ഷ വരെ ലഭിക്കാം. മഴക്കാലത്താണ് കൂടുതൽ മീൻ പിടിത്തം നടക്കുന്നത്. എന്നാൽ, ഈ മഴക്കാലം അതിന് പറ്റിയതല്ലയെന്ന് ഫിഷറീസ് വിഭാഗം അറിയിപ്പ് ഇറക്കിയത്. കുറച്ചു കാലങ്ങളായി ലഭ്യമായികൊണ്ടിരുന്ന മത്സ്യങ്ങളുടെ വംശനാശം കൂടുതൽ പഠനവിധേയമാക്കിയപ്പോഴാണ് ഇത്തരം നിയന്ത്രണം ദ്രുതഗതിയിൽ നടപ്പിലാക്കണമെന്ന് വകുപ്പ് തീരുമാനിച്ചത്. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകരാറിലാവരുത് എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ ഇതിന് പിന്നിൽ.