നെടുമ്പാശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപയുടെ പദ്ധതിയുമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്. വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ബ്‌ളോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളതെന്ന് പ്രസിഡന്റ് ടി.വി. പ്രദീഷ് പറഞ്ഞു. 50 കിടക്കകളുള്ള ഡി.സി.സി കുന്നുകര എം.ഇ.എസ് സ്‌കൂളിൽ ആരംഭിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യം. 24 മണിക്കൂറും ആംബുലൻസ് സൗകര്യവും നഴ്‌സിംഗ് സേവനവും. ആവശ്യത്തിന് ഓക്‌സിജൻ സിലിണ്ടറുകളും ലഭ്യം. കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ തന്നെ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അങ്കമാലി മോണിങ്ങ് സ്റ്റാർ കോളേജ് കാമ്പസിലെ സെന്റ് ജൂഡ് ഫാമിലി കൗൺസിലിംഗ് സെന്റർ ഡയറക്ടർ സിസ്റ്റർ അർപ്പിതയുടെ നേതൃത്വത്തിൽ 'തൂവൽ സ്പർശം' എന്ന പേരിൽ ടെലി കൗൺസിലിംഗ് പ്രോഗ്രാമുമുണ്ട്.
ബ്‌ളോക്ക് 103 ഗ്രാമവാർഡുകളിലെയും ആശാ വർക്കർമാർക്ക് പൾസ്ഓക്‌സിമീറ്ററുകൾ നൽകി. മഹാമാരിയുടെ മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് വിടുതൽ നേടാൻ 'സാന്ത്വനോത്സവം' എന്ന പേരിൽ ഓൺലൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കും. ചെങ്ങമനാട് പുത്തൻവേലിക്കര സി.എച്ച്.സികളിലേയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി 10 ലക്ഷം രൂപ വകയിരുത്തി. പുത്തൻവേലിക്കര സി.എച്ച്.സി ഓക്‌സിജൻ സൗകര്യമുള്ള കൊവിഡ് ആശുപത്രിയാക്കുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയെന്നും പ്രദീഷ് അറിയിച്ചു.