തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ഭരണ പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ച യോഗം തല്ലിപ്പിരിഞ്ഞു. ഇന്നലെ തൃക്കാക്കര എം.എൽ.എ പി.ടി തോമസിന്റെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിൽ വിളിച്ചുചേർത്ത യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗമാണ് ഭരണ സമിതിക്ക് പിന്തുണ കൊടുക്കുന്ന സ്വതന്ത്ര കൗൺസിലർമാരെ പങ്കെടുപ്പിക്കാത്തതിനെചൊല്ലി അലങ്കോലപ്പെട്ടത്. തൃക്കാക്കര നഗരസഭയിലെ അഞ്ച് സ്വാതന്ത്രരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരിക്കുന്നത്. തൃക്കാക്കര നഗരസഭയിലെ ഭരണത്തിൽ കോൺഗ്രസിലെ എ - ഐ ഗ്രൂപ്പ് നേതാക്കളുടെ അനാവശ്യ ഇടപെടൽ മൂലം മുസ്ലിം ലീഗിലും പ്രതിക്ഷേധമുണ്ടായിരുന്നു. ഇതിനിടെ സ്വതന്ത്ര കൗൺസിലർമാർ എൻ.സി.പി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു.ഇതേത്തുടർന്നാണ്എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ യു.ഡി.എഫ് പാർലിമെന്ററി പാർട്ടി യോഗത്തിലേക്ക് സ്വതന്ത്ര കൗൺസിലർമാരായ ഓമന സാബു,വർഗ്ഗിസ് പ്ലാശ്ശേരി,ഖാദർ കുഞ്,അബു ഷാന എന്നിവരെ അറിയിക്കുകയായിരുന്നു.മറ്റൊരു സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് ഇടതുപക്ഷത്തോടൊപ്പമാണ് പ്രവർത്തിക്കുന്നത്.യു.ഡി.എഫ് വിമതന്മാരായി വിജയിച്ചവരെ കെ.പി.സി.സി യുടെ തീരുമാനം വരുന്നതുവരെ യോഗത്തിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് എം.എൽ.എ നിലപാടെടുത്തതോടെ യോഗത്തിൽ ബഹളമായി. കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവും കൗൺസിലറുമായ ഷാജി വാഴക്കാല,ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി എന്നിവരുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് അതിനെ എതിർത്ത് രംഗത്തുവന്നു. എം.എൽ.എ നിലപാടിൽ ഉറച്ചുനിന്നതോടെ കൗൺസിലർമാരായ എം.ഒ.വർഗീസ്,സി.സി വിജു,സുനീറ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം കൗൺസിലർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്തോടെ യോഗം തുടരാനായില്ല.