cpi-m
കുസാറ്റ് കോളനിയിൽ സി.പി.ഐ.എം.ബ്രാഞ്ച് ഒരുക്കിയ ആ വ ശ്യ ഭക്ഷ്യസാധന കേന്ദ്രം

കളമശേരി : കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ നീണ്ടതോടെ ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസമാകുകയാണ് യൂണിവേഴ്സിറ്റി കോളനിയിൽ സി.പി.ഐ. എം. ബ്രാഞ്ച് ആരംഭിച്ച കാഷ്യറും പണപ്പെട്ടിയുമില്ലാത്ത പലചരക്ക് കട. കോളനിയിൽ റേഷൻകട കവലയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് നിത്യോപയോഗ സാധനങ്ങളുമായി കട ഒരുക്കിയത്. ആവശ്യമുള്ളവർക്ക് ആവശ്യമുള്ള സാധനങ്ങൾ എടുക്കാവുന്ന തരത്തിലാണ് സ്റ്റാൾ സജ്ജീകരിച്ചത്.

സുമനസ്സുകളുടെ സഹായത്തോടെ സാധനങ്ങളെത്തിച്ചാണ് പ്രവർത്തനം. കൊവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിലുള്ളവർക്കുമായി നാനാവിധ സഹായങ്ങളെത്തിക്കുന്നതിൽ വ്യാപൃതരാണ് ഇവിടത്തെ പ്രവർത്തകർ. മരുന്നും ഭക്ഷ്യസാധനങ്ങളുമൊക്കെ ആവശ്യപ്പെടുന്നവർക്ക് എത്തിച്ച് നൽകുന്നുണ്ട്.

സ്റ്റാളിൽ അരി, കറിപ്പൊടികൾ, തേയില, പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, വെളിച്ചെണ്ണ, പാമൊയിൽ, സവാള, ഉരുളക്കിഴങ്ങ്, ആട്ട, മൈദ, സേമിയ, മുട്ട, പാല്, പച്ചക്കറിയിനങ്ങൾ, ചക്ക, മാങ്ങ, സോപ്പ് തുടങ്ങിയ എല്ലാവിധ അവശ്യസാധനങ്ങളും പായ്ക്ക് ചെയ്ത് വെച്ചിട്ടുണ്ട്. ലോക് ഡൗൺ അവസാനിക്കുന്ന 30 വരെ സ്റ്റാൾ പ്രവർത്തിപ്പിക്കും. സൗജന്യമായി സാധനങ്ങൾ വേണ്ട എന്നുള്ളവർക്ക് സാധനങ്ങൾ എടുത്ത ശേഷം കഴിവിനൊത്ത സംഭാവന നൽകാനും സൗകര്യമുണ്ട്. ഇന്നലെ രാവിലെ സെന്റ് ജോൺസ് പള്ളി വികാരി ഫാ.ജോഷി പാദുവ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ടി .എ. അസൈനാർ, കെ .ടി .മനോജ്, സലിം പതുവന തുടങ്ങിയവർ പങ്കെടുത്തു.