govt

ആലുവ: എട്ട് വർഷം പിന്നിട്ടിട്ടും നിയമനത്തിൽ വ്യക്തതയില്ലാത്തതിനാൽ ഭിന്നശേഷി ജീവനക്കാർ ആശങ്കയിൽ. സ്ഥിരനിയമനമാണെന്നാണ് അറിയിച്ചിരുന്നതെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാക്കി റെഗുലറൈസ് ചെയ്യാത്തതിനാൽ ജീവനക്കാർക്ക് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

1999 മുതൽ 2002 വരെ എംപ്ലോയ്‌മെന്റ് വഴി താത്കാലിക നിയമനം ലഭിച്ച് 179 ദിവസം പൂർത്തിയാക്കി വിടുതൽ ചെയ്ത ഭിന്നശേഷിക്കാരെ 2013ൽ അവർ ജോലിചെയ്തിരുന്ന തസ്തികയിൽ തന്നെ പുനർനിയമനം നൽകി സ്ഥിരപ്പെടുത്തിയിരുന്നു.

ഇങ്ങനെ നിയമനം കിട്ടിയ നിരവധി ഭിന്നശേഷിക്കാരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. എറണാകുളം ജില്ലാ കോടതി ടൈപ്പിസ്റ്റ് ഗോപിക (57) കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. എം.എ.സി.ടി കോടതിയിലെ ബാബു അറക്കൽ (44) എട്ട് മാസംമുമ്പ് ആലുവയിൽ ട്രെയിൻ തട്ടിയും മരണപ്പെട്ടിരുന്നു. ഇരുവരും ഭിന്നശേഷിക്കാരായിരുന്നു. ബാബു ബധിരനും മൂകനുമായിരുന്നു. വാടകവീട്ടിൽ കഴിയുന്ന ഭാര്യയും ചെറിയ രണ്ടു കുട്ടികളും ബാബുവിനെ പോലെ ഭിന്നശേഷിക്കാരാണ്. സമാനരീതിയിൽ വേറെയും ജീവനക്കാർ മരണമടഞ്ഞിട്ടുണ്ട്. ഇവരുടെ ആശ്രിതർക്ക് സർക്കാർ ജീവനക്കാർക്ക് കിട്ടേണ്ടതായ ആശ്രിതനിയമനം അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കുകയാണ്.

സർക്കാർ അടിയന്തരമായി ഈ പ്രശ്‌നത്തിൽ ഇടപെടണമെന്നും നിയമന ഉത്തരവിലെ അപാകതകൾ പരിഹരിച്ച് ഭിന്നശേഷിക്കാരെ മാറ്റിനിറുത്താതെ സ്ഥിരനിയമനം നൽകിയ ഭിന്നശേഷിക്കാർക്ക് മറ്റുജീവനക്കാർക്കു നൽകിവരുന്ന ആശ്രിതനിയമനം അടക്കമുള്ള ആനുകൂല്യങ്ങൾ നൽകി സംരക്ഷിക്കണമെന്നും ഭിന്നശേഷിക്കൂട്ടായ്മ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സംസ്ഥാനത്തെ നൂറുകണക്കിന് ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർ.