കൊച്ചി: കൊവിഡ് പ്രതിരോധത്തിനിടയിൽ ഡങ്കിപ്പനിയെ മറക്കരുത് എന്ന് ആവർത്തിച്ച് ആരോഗ്യ വകുപ്പ്. 2021ൽ സംസ്ഥാനത്ത് ഡങ്കിപ്പനിയിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓരോ മൂന്നുവർഷം കഴിയുമ്പോഴും ഡങ്കിപ്പനിയുടെ തീവ്രത വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 2020ൽ ഇത് തീവ്രമായ രീതിയിൽ ഡങ്കിപ്പനി ഉണ്ടാകാത്തതിനാൽ ഈ വർഷം ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.
ഡങ്കി ഹെമറാജിക്ക് ഫീവറും ഹെമറാജിക്ക് ഫീവർ ഷോക്കും
മുൻ വർഷങ്ങളിൽ ഡെങ്കിപ്പനി ബാധയുണ്ടായ ഒരാൾക്ക് വീണ്ടും പനിബാധ ഉണ്ടാകുന്നത് ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കും. നാല് ജനിതക ഘടനയുള്ള വൈറസുകളാണ് ഡങ്കി ബാധയിൽ ഉള്ളത്. ഒരു പ്രാവശ്യം പനി വന്നവർക്ക് മറ്റൊരു ജനിതക ഘടനയിലുള്ള വൈറസ് ബാധയാണ് രണ്ടാമത് ഉണ്ടാകുന്നതെങ്കിൽ ശരീരത്തിൽ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകും. ഇത് ഡങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഹെമറാജിക് ഫീവർ ഷോക്ക് എന്നിവയ്ക്ക് കാരണമാകും. ശരീരത്തിലെ രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാവുകയും അമിത രക്തശ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് ഹെമറാജിക്ക് ഫീവർ. രക്തസമ്മർദ്ദം ഗണ്യമായി കുറയുകയുന്ന അവസ്ഥയാണ് ഹെമറാജിക് ഫീവർ ഷോക്ക്. ഇത് മരണത്തിനുവരെ കാരണമാകും.
ലക്ഷണങ്ങൾ തിരിച്ചറിയണം
ഏത് പനി വന്നാലും കൊവിഡാണോ എന്ന സംശയമാണ് ജനങ്ങൾക്കുള്ളത്. എന്നാൽ എല്ലാപ്പനിയും കൊവിഡ് അല്ലാ. ഇതിൽ ഡങ്കിപ്പനി ഉണ്ടോ എന്ന് ആദ്യം തിരിച്ചറിയണം. ശക്തമായ പേശിവേദന, സന്ധിവേദന, ചർമ്മത്തിൽ ചുവന്നു തടിച്ച പാടുകൾ, രക്തശ്രാവം എന്നിവ ഡങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഇത് കണ്ടാൽ ഉടൻ വൈദ്യ സഹായം തേടണം. മറച്ചു വച്ചാൽ ജീവൻ തന്നെ അപകടത്തിലാകും.
ഡോ.ബി.പത്മകുമാർ
മെഡിസിൻ വിഭാഗം പ്രഫസർ
മെഡിക്കൽ കോളേജ് ആലപ്പുഴ