toddy-
കള്ള് ചെത്ത് വ്യവസായ മേഖല പ്രതിസന്ധിയിൽ

പിറവം: പിറവം നിയോജക മണ്ഡലത്തിലെ കള്ളുചെത്ത് വ്യവസായ മേഖലയിൽപെട്ട ആയിരത്തോളം തൊഴിലാളികൾ വരുമാനമില്ലാതെ പ്രതിസന്ധിയിൽ. ലോക്ക് ഡൗണിനെത്തുടർന്ന് കള്ള് ഷാപ്പുകളടച്ചതോടെ ചെത്തിയെടുക്കുന്ന കള്ള് മണ്ണിലൊഴുക്കി കളയുകയാണ്.

പനയിൽ കെട്ടിവെക്കുന്ന മുള വെട്ടിയെടുക്കുന്നത് മുതൽ ദിവസങ്ങളോളം പണിയെടുത്താണ് ഒരു പനംകുലയിൽ നിന്നും കള്ള് വീഴിക്കുന്നത്. രാവിലെയും വൈകുന്നേരവും ഉയരങ്ങളിൽ കയറി അപകടകരമായ രീതിയിലുള്ള തൂക്കേണിയിൽ നിന്നുകൊണ്ടാണ് കുല ചെത്തുകയും ഓരോ അല്ലിയുമെടുത്ത് തിരുമ്മി ഒരുക്കി പാകപ്പെടുത്തുകയും ചെയ്യുന്നത്.ഒരു ദിവസം ചെത്തിയില്ലെങ്കിൽ ആ കുല നശിച്ചു പോകും. ഇത്രയേറെ അധ്വാനമുള്ള ഈ തൊഴിലിൽ മേഖലയ്ക്ക് ലോക്ക് ഡൗണിൽ വൻ തിരിച്ചടിയാണ് നേരിട്ടത്.പാലക്കാട്‌ ജില്ലയിൽ നൂറുകണക്കിന് തോട്ടങ്ങൾ പാട്ടത്തിനെടുത്താണ് എറണാകുളം ജില്ലയിലും മറ്റും കള്ള് വിതരണം നടത്തുന്നത്. പറവൂരിലെ നിരവധി തൊഴിലാളികളാണ് വീട് വിട്ട് തോട്ടത്തിൽ താമസിച്ച് ജോലി ചെയ്യുന്നത്. ഇവരുടെ കുടുംബവും പട്ടിണിയിലാണ്.

ഹോട്ടലുകളിലെന്നതുപോലെ പാർസൽ സംവിധാനത്തിലൂടെ വില്പന നടത്താൻ ഷാപ്പുകൾ തുറന്നു കൊടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കള്ളുചെത്ത് വ്യവസായ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.എൻ.ഗോപി,ചെത്തുത്തൊഴിലാളി ഫെഡറേഷൻ

(എ.ഐ.റ്റി.യു.സി.),സംസ്ഥാന വൈസ് പ്രസിഡന്റ്