കോലഞ്ചേരി: കൈപ്പുണ്യം കൈമുതലാക്കി കാലങ്ങളായി ജീവിതം തള്ളിനീക്കിയവർക്ക് കൊവിഡ് നൽകുന്നത് കയ്പുനീരിന്റെ നാളുകൾ. ആദ്യ കൊവിഡ് തരംഗത്തിൽ നിന്ന് ചെറിയ മാറ്റങ്ങൾ വന്നുതുടങ്ങുന്ന രണ്ടാം സീസണും തകർന്നതോടെ പട്ടിണിയും പരിവട്ടവുമായി ഇനിയെത്രനാൾ മുന്നോട്ടുപോകുമെന്നറിയാത്ത ദുരിതജീവിതത്തിലാണവർ. ആഘോഷങ്ങളിലെ സദ്യവട്ടങ്ങൾക്ക് തീരുമാനമാകും മുമ്പ് പാചകക്കാരുടെ സമയം നോക്കി മുഹൂർത്തങ്ങൾ നിശ്ചയിച്ച ഭൂതകാലം ഇനി തിരിച്ചു വരില്ലെന്നവർക്കറിയാം.

മുമ്പൊക്കെ ജനുവരിയിലെ ആദ്യആഴ്ച പിന്നിടുമ്പോഴേക്കും മേയ് 31 വരെയുള്ള ദിവസങ്ങൾ സദ്യയ്ക്ക് ബുക്കിംഗ് ആയിട്ടുണ്ടാവും. ആ ഡയറിയിലെ പേജുകൾ ഇന്ന് മറിച്ച് നെടുവീർപ്പിടുമ്പോൾ ഊട്ടുപുരയിലെ അടുപ്പിലെ വിറകുകൊള്ളി പോലെ എരിഞ്ഞടങ്ങുകയാണ് പാചകതൊഴിലാളികളുടെ മനസ്.

 കൊവിഡിൽ ലോക്കായ സ്വപ്നങ്ങൾ

വിവാഹങ്ങൾ മാ​റ്റിവെക്കുകയും പിന്നീടത് ചടങ്ങുകളിൽ ഒതുങ്ങുകയും ചെയ്തപ്പോൾ പാചകരംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ സ്വപ്നങ്ങളാണ് ലോക്കായത്. ഒരു കല്ല്യാണവീട്ടിൽനിന്ന് മ​റ്റൊരു വീട്ടിലേക്ക് എന്നതായിരുന്നു പാചകക്കാർക്ക് ഏപ്രിൽ, മേയ് മാസങ്ങൾ. നല്ല കൈപ്പുണ്യമുള്ളവർക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തേണ്ടിവരും ചില വിവാഹവീടുകളിൽ തലേന്നും പിറ്റേന്നുമായി 3000 പേർക്കെങ്കിലും സദ്യ നൽകേണ്ടിവരും. സഹായികളും മ​റ്റുമായി 8 പേരെങ്കിലും ഉണ്ടാകും. 40,000 രൂപവരെ ഇത്തരം സദ്യയ്ക്ക് ലഭിക്കും. ഹാളിൽ നടക്കുന്ന കല്യാണമാണെങ്കിൽ ശമ്പളക്കാരായി വിളമ്പുകാരും ഉണ്ടാകും സാധാരണ മാർച്ച് മാസം മുതൽക്കെ ഇവർക്ക് തിരക്കായിരിക്കും. ക്ഷേത്ര ഉത്സവത്തോടുനുബന്ധിച്ച അന്നദാനങ്ങൾ, സ്‌കൂൾ വാർഷികാഘോഷങ്ങൾ, യാത്രഅയപ്പ് പരിപാടികൾ, വിഷു ആഘോഷങ്ങൾ എല്ലാം ലോക്ക് ഡൗണിൽ കുടുങ്ങി.

 സഹായമൊന്നുമില്ലാതെ പാചകത്തൊഴിലാളികൾ

ഇതെല്ലാം നഷ്ടപ്പെട്ടപ്പോഴും കാര്യമായ സഹായമൊന്നും കിട്ടാത്ത വിഭാഗമാണ് പാചകത്തൊഴിലാളികൾ. ക്ഷേമനിധിപോലുള്ള ആനുകൂല്യങ്ങളെപ്പ​റ്റി പലർക്കും അറിവില്ല. പ്രത്യേകമായി ഇവരെത്തേടി ആശ്വാസധനവും വന്നിട്ടില്ല. ഈ സ്ഥിതിയിലും സർക്കാരിന്റെ കമ്മ്യൂണി​റ്റി കിച്ചണുകളിൽ പോയി പ്രതിഫലം വാങ്ങാതെ സഹായിച്ചവരുമുണ്ട്. ഇപ്പോൾ അതിജീവനത്തിനായി അച്ചാർ, കൊണ്ടാട്ടം, ചിപ്‌സുകൾ, പായസം, കാളൻ, പുളിയിഞ്ചി എന്നിവയുണ്ടാക്കി വീടുകളിൽകൊണ്ടുപോയി വി​റ്റ് കുടുംബം പുലർത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ജീവിച്ചല്ലേ മതിയാകൂ, വേറെന്തു വഴിയെന്നാണ് വേദനയോടെ ഇവരുടെ ചോദ്യം.