tiller

നെടുമ്പാശേരി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ, അത്താണിയിലെ കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ (കാംകോ) വടക്കേ അമേരിക്കയിലേക്ക് വീണ്ടും ടില്ലറുകൾ കയറ്റുമതി ചെയ്യുന്നു. 100ലധികം ടില്ലറുകൾ രണ്ടാഴ്‌ചയ്ക്കകം വടക്കേ അമേരിക്കൻ രാജ്യമായ ഹെയ്തിയിലേക്ക് കടൽ കടക്കും. ഇതിലൂടെ രാജ്യത്തിനു രണ്ട് ലക്ഷം ഡോളറിന്റെ വിദേശനാണയ വരുമാനം ലഭിക്കും.

2006 മുതൽ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കാംകോ ഉത്പന്നങ്ങൾ കയറ്റിഅയക്കുന്നുണ്ടെങ്കിലും ഒരേസമയം ഇത്രയധികം ഓർഡർ ലഭിക്കുന്നത് ആദ്യം. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം ഓർഡർ ലഭിച്ചിരുന്നില്ല. ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ ടില്ലർ ഉത്പാദകരുമായി മത്സരിച്ചാണ് ഇക്കുറി കാംകോയുടെ നേട്ടം. രാജ്യാന്തര ഗുണനിലവാരം പുലർത്തുന്നതിനാൽ കഴിഞ്ഞ 15 വർഷമായി കാംകോ തുടർച്ചയായി ടില്ലറുകൾ അമേരിക്ക, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്.

വിദേശത്ത് കാംകോ ഉത്പന്നങ്ങളുടെ ഡിമാൻഡ് ഏറുകയാണെന്നും ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിലേക്കും ഇക്കുറി ടില്ലറുകളും റീപ്പറുകളും കയറ്റിഅയച്ചുവെന്നും മാനേജിംഗ് ഡയറക്‌ടർ കെ.പി. ശശികുമാർ പറഞ്ഞു. കോർപ്പറേഷന്റെ മാള യൂണിറ്റിൽ ഉത്പാദിപ്പിക്കുന്ന റീപ്പറുകൾ ഘാന, നേപ്പാൾ, നൈജീരിയ, ഐവറികോസ്റ്റ്, ഹെയ്‌തി, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും ഡിമാൻഡുണ്ട്. കഴിഞ്ഞവാരം അസാമിലേക്ക് 600ലേറെ ടില്ലറുകളും അനുബന്ധ ഉത്‌പന്നങ്ങളും കയറ്റുമതി ചെയ്‌തിരുന്നു.