കോലഞ്ചേരി: ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ കുഞ്ഞുമലയാളം പദ്ധതി ആരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇതുവരെ വിദ്യാലയങ്ങളിൽ പോകാത്തവരായ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ മാനസിക വളർച്ച ഉറപ്പു വരുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ ഒരുക്കുകയാണ് പദ്ധതി. പദ്ധതിയിൽ പങ്കാളികളാകുന്ന രക്ഷിതാക്കൾ കുട്ടികളുടെ സഹപഠിതാവെന്ന നിലയിലേക്ക് മാറുകയും വീടിനെ വിദ്യാലയമാക്കി പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതുമാണ് രീതി. തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മാസത്തെ ട്രൈ ഔട്ട് ക്ലാസുകളിലൂടെ അദ്ധ്യാപകർക്ക് പരിശീലനം നൽകും. പൊതുവിദ്യാഭ്യാസ പ്രവർത്തകൻ ഡോ. ടി.പി. കലാധരൻ ഉദ്ഘാടനം ചെയ്തു. റെജിൻ ജോർജ് ,കെ.എം.നൗഫൽ, ജെസി തോമസ്, ടി.ടി. പൗലോസ് തുടങ്ങിവർ സംസാരിച്ചു.