കിഴക്കമ്പലം: അതിജീവനത്തിന്റെ കൂട്ടായ്മയിൽ ജനങ്ങൾ ഒറ്റകെട്ടായപ്പോൾ കൊവിഡിനെ പിടിച്ചു കെട്ടാനായതിന്റെ ആശ്വാസത്തിലാണ് കുന്നത്തുനാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡുകാർ. കൊവിഡ് പ്രതിസന്ധിയുടെ ആരംഭഘട്ടത്തിൽ വാർഡിലെ വാടകതാമസക്കാർ അടക്കമുള്ള മുഴുവൻ കുടുംബങ്ങളിലും മാസ്കും,സാനിറ്റൈസറും, പ്രതിരോധ മരുന്നും അടക്കമുള്ള കിറ്റുകൾ വിതരണം ചെയ്തുകൊണ്ടാണ് ഇവരുടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയത്. രോഗബാധ വന്ന് വീടുകളിൽ കഴിയുന്നതിന് പകരം മനക്കകടവിൽ തയ്യാറാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് അസുഖബാധിതരെ മാറ്റിയതു വഴി രോഗം പടരുന്നത് തടയാൻ കഴിഞ്ഞു. അവിടെ നിന്നും ആവശ്യമുള്ളവരെ ഡി.സി.സി, എഫ്.എൽ.ടി.സി മറ്റ് ആശുപത്രികളിലേക്കും മാറ്റേണ്ട ഘട്ടങ്ങളിൽ കൃത്യമായി ചെയ്യാനായതും ഗുണമായി. ഇതിനായി ആംബുലൻസ്, സ്വകാര്യ സന്നദ്ധ പ്രവർത്തകരുടെ വാഹനങ്ങളും തയ്യാറാക്കി. മഹാമാരിയുടെ ദുരിതം പേറുന്ന നിർദ്ധനരായ 350ൽ പരം കുടുംബങ്ങൾക്ക് പലചരക്ക്, പച്ചക്കറി, സാനിറ്ററി ഉല്പന്നങ്ങൾ അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു. ഇതുവരെ വാർഡിൽ 63 പേരാണ് രോഗബാധിതരായത്. ഇവരിൽ രോഗ മുക്തരായി 42 പേരും രോഗമുക്തരായി. ഇന്നലത്തെ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 28 പേർ ക്വാറന്റൈനിലും 21 പോസിറ്റീവ് കേസുകളുമാണ് ഇനിയുള്ളത്. രോഗ വ്യാപനം ശക്തമായ കുന്നത്തുനാട്ടിൽ ഇത് പിടിച്ചുനിർത്താനയത് ശക്തമായ ഇടപെടലുകൾ കൊണ്ട് മാത്രമാണ്. വാർഡിലെ ആർ.ആർ.ടി യുടെ നേതൃത്വത്തിൽ ഐശ്വര്യ ഗ്രാമീണവായനശാല,കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘത്തിന്റെയും സഹായത്തോടെയാണ് കിറ്റുകൾ നൽകിയത്. കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം, എൻ.എം. അബ്ദുൾ കരീം, പി.കെ.ഉസ്മാൻ, ടി.പി.ഷാജഹാൻ, പി. പി.രാജൻ, വിനോദ്കുമാർ, വി.പി.മനു , കെ.ഐ. ജലാൽ, കെ.ഇ. അലിയാർ ,വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.