ഒന്നാം ഡോസ് രോഗികൾക്കും മുൻനിരക്കാർക്കും മാത്രം
കൊച്ചി: ഏതാനും ദിവസമായി നിറുത്തിവച്ചിരിക്കുന്ന കൊവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ വ്യാഴാഴ്ച പുനരാരംഭിക്കും. 45 വയസിനു മുകളിലുള്ളവർക്കാണ് അർഹത. 18 - 44 വയസുകാരിൽ രോഗികൾക്കും മുൻനിര പോരാളികൾക്കും മാത്രമാണ് ഇപ്പോൾ വാക്സിൻ ലഭിക്കുക. മറ്റുള്ളവർക്ക് രജിസ്ട്രേഷൻ നടത്താമെന്ന് മാത്രം. അതും ഓൺലൈനിൽ മാത്രം. കൂപ്പൺ സമ്പ്രദായം നിറുത്തി.
ശ്രദ്ധിക്കേണ്ട വസ്തുതകൾ
കേന്ദ്ര വിഹിതം വാക്സിനാണ് 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് നൽകുന്നത്. സംസ്ഥാന വിഹിതം വാക്സിൻ ഇപ്പോൾ 18 - 44 വരെയുള്ള ഗുരുതര രോഗ ബാധിതർക്കും മുൻനിര പ്രവർത്തകർക്കും മാത്രം.
ഇവരെ കൂടാതെ ഭക്ഷ്യവകുപ്പ്, എഫ്.സി.ഐ, തപാൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, മൃഗക്ഷേമ വകുപ്പ് എന്നിവിടങ്ങളിലെ ഫീൽഡ് സ്റ്റാഫ്, വിദേശയാത്ര പോകേണ്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ, തുറമുഖ ജീവനക്കാർ, കപ്പൽ ജീവനക്കാർ, എസ്.എസ്.എൽ.സി-ഹയർസെക്കൻഡറി വാലുവേഷൻ ക്യാമ്പിലെ ടീച്ചർമാർ തുടങ്ങിയവരെയും മുന്നണി പോരാളികളായി പരിഗണിക്കും.
മുൻനിരപ്രവർത്തകരുടെ രജിസ്ട്രേഷൻ നടത്തേണ്ടത് അതാത് എംപ്ളോയർ / സ്ഥാപന മേധാവി / ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആണ്. https://covid19.kerala.gov.in/vaccine/
രജിസ്ട്രേഷൻ അംഗീകരിച്ചാൽ സ്ഥലവും സമയവും ഫോണിൽ സന്ദേശമായി വരും.
ഇന്നലെ 10,000 പേർക്ക് വാക്സിനേഷൻ
18 - 44 പ്രായക്കാരായ 10,000 പേർക്ക് ഇന്നലെ ജില്ലയിൽ വാക്സിനുകൾ കുത്തിവച്ചു. ഗുരുതര രോഗമുള്ളവരായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച 16,000 പേർക്ക് കുത്തിവയ്പ്പിന് അനുമതി നൽകിയിട്ടുണ്ട്. ഈ വിഭാഗത്തിൽപ്പെട്ടവർക്കായി 73,000 ഡോസ് വാക്‌സിനാണ് ജില്ലയിൽ ലഭ്യം.